/kalakaumudi/media/media_files/PsXEqryPjMicplba1JGa.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിനു തിരികെ നല്‍കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാന്‍. അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാല്‍ ഭരിക്കപ്പെടുന്നുവെന്നും താലിബാന്‍ വ്യക്തമാക്കി. ബഗ്രാം വ്യോമതാവളം തിരികെ നല്‍കാന്‍ വിസമ്മതിച്ചാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ അഫ്ഗാനെ ഭീഷണിപ്പെടുത്തിയിരുന്നു.
''ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല. ഞങ്ങള്‍ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല. അടുത്തിടെ, ചില ആളുകള്‍ ബഗ്രാം എയര്‍ ബേസ് തിരികെ ഏറ്റെടുക്കുന്നതിനായി അഫ്ഗാനിസ്ഥാനുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണില്‍ പോലും ഒരു കരാര്‍ സാധ്യമല്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല'' അഫ്ഗാന്റെ ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീന്‍ ഫിത്രാത്ത് പറഞ്ഞു.
ഡോണള്‍ഡ് ട്രംപിന്റെ പേര് പരാമര്‍ശിക്കാതെയാണ് താലിബാന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്നു ബഗ്രാം. 2021ല്‍ അധികാരം തിരിച്ചു പിടിച്ചതിനു ശേഷം താലിബാന്റെ നിയന്ത്രണത്തിലായിരുന്നു ഇത്.