/kalakaumudi/media/media_files/2026/02/16/bla3-2026-02-16-19-51-38.jpg)
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങള്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് വിഘടനവാദി സായുധ ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). തടവിലാക്കപ്പെട്ടവരെ വിട്ടയക്കണമെങ്കില്‍ പകരം പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിന് ഏഴ് ദിവസത്തെ സമയമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനകം ചര്‍ച്ചകള്‍ നടന്നില്ലെങ്കില്‍ തടവിലാക്കപ്പെട്ടവരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ബിഎല്‍എയുടെ മാധ്യമ വിഭാഗമായ 'ഹക്കല്‍' പുറത്തിറക്കിയ പ്രസ്താവനയിലും വിഡിയോ സന്ദേശത്തിലുമാണ് അന്ത്യശാസനം. സമയപരിധി അവസാനിക്കാന്‍ ഇനി ആറ് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നും അവര്‍ അറിയിച്ചു. ഓപ്പറേഷന്‍ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിലാണ് സൈനികരെ പിടികൂടിയതെന്നു ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അവകാശപ്പെടുന്നു.
വിവിധ മേഖലകളില്‍ നിന്നായി ആകെ 17 സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. ഇതില്‍ 10 പേര്‍ ബലൂച് വംശജരും പ്രാദേശിക പൊലീസുമായി ബന്ധമുള്ളവരുമായതിനാല്‍ മുന്നറിയിപ്പ് നല്‍കി അവരെ വിട്ടയച്ചു. പ്രാദേശിക സാഹചര്യങ്ങളും ബലൂച് ജനതയുടെ താല്‍പര്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സംഘടന അറിയിച്ചു. ബാക്കിയുള്ള ഏഴ് പേര്‍ പാക്കിസ്ഥാന്‍ സൈന്യത്തിലെ സ്ഥിരം യൂണിറ്റുകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കെതിരെ ബലൂച് നാഷനല്‍ കോര്‍ട്ട് നടപടികള്‍ സ്വീകരിച്ചതായും സിവില്‍ ജനതയ്‌ക്കെതിരായ നീക്കങ്ങള്‍, ആളുകളെ കാണാതാകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍പും ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും പാക്കിസ്ഥാന്‍ അധികൃതര്‍ അത് അവഗണിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. പാക്കിസ്ഥാനില്‍ നിരോധിക്കപ്പെട്ട സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ യുഎസും യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
