/kalakaumudi/media/media_files/2025/03/25/B19zcirnIGskbXNOCrOZ.jpg)
ധാക്ക: ബംഗ്ലാദേശില്‍ സൈനിക അട്ടിമറി നടന്നെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണം ശക്തമാകുന്നു. ധാക്കയില്‍ സൈനികരെയും സുരക്ഷാ സേനയെയും വിന്യസിച്ചതിനും ശേഷമാണ് അട്ടിമറി നടന്നുവെന്ന അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി പ്രൊഫസര്‍ മുഹമ്മദ് യൂനുസോ സൈനിക മേധാവി വഖാര്‍ ഉസ് സമാനോ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് യൂനുസിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവ വികാസങ്ങള്‍.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാര്യത്തില്‍ കരസേനാ മേധാവിക്ക് കടുത്ത ആശങ്കയുണ്ടെന്നും തുടര്‍ന്നാണ് സൈനിക യോഗങ്ങള്‍ ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീകരാക്രമണങ്ങള്‍ക്കെതിരെ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കുകയും രാജ്യത്ത് ജാഗ്രതയും സുരക്ഷയും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച സൈനിക മേധാവി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് സര്‍ക്കാരും സൈനിക മേധാവിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും സുരക്ഷാ നടപടികളെക്കുറിച്ചും കരസേനാ മേധാവി ചര്‍ച്ച ചെയ്തതായാണ് സൂചന. എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്ന് ഇടക്കാല സര്‍ക്കാരിന്റെ ആഭ്യന്തര സെക്രട്ടറി നസിമുള്‍ ഹഖ് ഗാനി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ്, സൈന്യത്തിലെ പാക് അനുകൂലികള്‍ കരസേനാ മേധാവിയെ ഒരു അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസിഡന്റ് മുഹമ്മദ് ഷാബുദ്ദീനുമായി ചേര്‍ന്ന് പുതിയ ഇടക്കാല സര്‍ക്കാര്‍ സ്ഥാപിക്കാന്‍ സൈനിക മേധാവി ഗൂഢാലോചന നടത്തിയെന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ആമര്‍ ബംഗ്ലാദേശ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അസദുസ്സമാന്‍ ഫുആദ് ആരോപിച്ചു.
സൈനിക അട്ടിമറിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസം കരസേനാ മേധാവി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും വൈറലായി.