'ആരോടും ഒരു പ്രശ്‌നത്തിനും പോയിട്ടില്ല, എന്നിട്ടും എന്തിനീ ക്രൂരത?' ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം തീകൊളുത്തിയ ഹിന്ദു യുവാവിന്റെ ഭാര്യ

ആരുമായും ശത്രുതയില്ലാത്ത ദാസിനെ ആക്രമിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് സീമ ദാസ് എന്‍ഡിടിവിയോട് പറഞ്ഞു- 'ഞങ്ങള്‍ ആരോടും ഒരു പ്രശ്‌നത്തിനും പോയിട്ടില്ല. എന്നിട്ടും എന്റെ ഭര്‍ത്താവിനെ ലക്ഷ്യം വച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല

author-image
Biju
New Update
bangla lady

ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ നേരെ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ. ശരിയത്ത്പൂര്‍ സ്വദേശിയായ ഖോകോണ്‍ ചന്ദ്ര ദാസിനെ വീട്ടിലേക്കുള്ള യാത്രാമധ്യേ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയുമായിരുന്നുവെന്ന് ഭാര്യ സീമ ദാസ് പറഞ്ഞു. തന്നെ മര്‍ദിച്ച രണ്ടു പേരെ ദാസ് തിരിച്ചറിഞ്ഞിരുന്നുവെന്നും പിന്നാലെയാണ് അദ്ദേഹത്തിന്റെ തലയിലും മുഖത്തും പെട്രോള്‍ ഒഴിച്ച് അക്രമികള്‍ തീകൊളുത്തിയതെന്നും സീമ ദാസ് പറഞ്ഞു. ദാസ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ആരുമായും ശത്രുതയില്ലാത്ത ദാസിനെ ആക്രമിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് സീമ ദാസ് എന്‍ഡിടിവിയോട് പറഞ്ഞു- 'ഞങ്ങള്‍ ആരോടും ഒരു പ്രശ്‌നത്തിനും പോയിട്ടില്ല. എന്നിട്ടും എന്റെ ഭര്‍ത്താവിനെ ലക്ഷ്യം വച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞങ്ങള്‍ ഹിന്ദുക്കളാണ്. ഞങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കണം.ഞാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നു' സീമ ദാസ് പറഞ്ഞു. ഖോകോണ്‍ ദാസിന്റെ ഒരു കണ്ണിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുമെന്നും വിവരം ലഭിച്ചു.


ആക്രമിക്കപ്പെട്ടത് വീട്ടിലേക്ക് മടങ്ങവേ

തലസ്ഥാനമായ ധാക്കയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഖോകോണ്‍ ദാസിന്റെ സ്ഥാപനം. ബുധനാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോള്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അക്രമികള്‍ പെട്രോള്‍ ഒഴിച്ചതോടെ അദ്ദേഹം പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കുളത്തിലേക്ക് ചാടി. പിന്നാലെ അക്രമികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രദാശവാസികളാണ് ദാസിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി ധാക്കയിലേക്ക് മാറ്റി.

സീമ ദാസിനും ഖോകോണ്‍ ദാസിനും മൂന്ന് മക്കളുണ്ട്. ദാസിനെ ആശുപത്രിയില്‍ എത്തിച്ചവരില്‍ ഒരാളായ മുസ്ലിം യുവാവ് പറഞ്ഞത് കുടുംബത്തെ സഹായിക്കാന്‍ താന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ കീഴില്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രസ്താവനയിറക്കി.