ഷെയഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങല്‍ലായി നടന്ന പ്രതിഷേധങ്ങളില്‍ ഏകദേശം 1,400 പേര്‍ കൊല്ലപ്പെട്ടതായി ഐസിടി ജഡ്ജി പ്രസ്താവിച്ചു.ഷെയ്ഖ് ഹസീന അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും ആളുകളെ രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തി എന്നും അദ്ദേഹം പറഞ്ഞു

author-image
Biju
New Update
hasena

ധാക്ക: ബംഗ്ലദേശിലെ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്.

ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി.

ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തല്‍ നടത്തിയതിനു തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.

2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങല്‍ലായി നടന്ന  പ്രതിഷേധങ്ങളില്‍ ഏകദേശം 1,400 പേര്‍ കൊല്ലപ്പെട്ടതായി ഐസിടി ജഡ്ജി പ്രസ്താവിച്ചു.ഷെയ്ഖ് ഹസീന അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും ആളുകളെ രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തി എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ കൊല്ലാനുള്ള ഉത്തരവിട്ടതായും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.