ബംഗ്ലദേശിലെ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം പിന്‍വലിച്ചു

ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് ജമാഅത്തെ ഇസ്‌ലാമി, ഛത്ര ഷിബിര്‍, തുടങ്ങി എല്ലാ അനുബന്ധ സംഘടനകളെയും തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പ്രകാരം ബംഗ്ലദേശില്‍ നിരോധിച്ചത്.

author-image
anumol ps
New Update
Muhammad-Yunus

muhammad yunus

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ധാക്ക: ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാര്‍ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിന്റെയും നിരോധനം പിന്‍വലിച്ച് ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാര്‍. ബുധനാഴ്ച ഇതു സംബന്ധിച്ച് ഇടക്കാല സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്. 

''കഴിഞ്ഞ 15 വര്‍ഷമായി ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലദേശില്‍ നിരോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും നിരോധനത്തിലേക്ക് ഷെയ്ഖ് ഹസീന കടന്നിരുന്നില്ല. എന്നാല്‍ രാജ്യത്ത് സംവരണ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയെയും വിദ്യാര്‍ഥി സംഘടനയെയും നിരോധിച്ചത്'' എന്ന് ഇടക്കാല സര്‍ക്കാരിലെ നിയമോപദേഷ്ടാവായ ആസിഫ് നസ്‌റുല്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും ഷിബിറും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് മുന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് ഇടക്കാല സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് ജമാഅത്തെ ഇസ്‌ലാമി, ഛത്ര ഷിബിര്‍, തുടങ്ങി എല്ലാ അനുബന്ധ സംഘടനകളെയും തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പ്രകാരം ബംഗ്ലദേശില്‍ നിരോധിച്ചത്. 2013ല്‍ ഹൈക്കോടതി ജമാഅത്തെ ഇസ്‌ലാമിയുടെ റജിസ്‌ട്രേഷന്‍ അസാധുവായി പ്രഖ്യാപിക്കുകയും 2018 ഡിസംബര്‍ 7 ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജമാഅത്തെ ഇസ്ലാമി നല്‍കിയ അപ്പീല്‍ 2023 നവംബര്‍ 19-ന് ബംഗ്ലദേശ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിക്കളഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കാന്‍ സംഘടനയ്ക്ക് സാധിച്ചിരുന്നില്ല.

jamaat e islami bangladesh