'ഇസ്‌കോണ്‍' മതമൗലികവാദ സംഘടനയെന്ന് ബംഗ്ലാദേശ്

'ഇസ്‌കോണി'നെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഒരു ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

author-image
Prana
New Update
iskcon bangla

'ഇസ്‌കോണ്‍' മതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. 'ഇസ്‌കോണി'നെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഒരു ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇസ്‌കോണ്‍ നേതാവും ബംഗ്ലാദേശിലെ ഹിന്ദുസംഘടനാ വക്താവുമായ ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് വ്യാപകപ്രതിഷേധം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ചിറ്റഗോങ്ങിലെ വൈഷ്ണവ ദേവാലയമായ പുണ്ഡരിക് ധാമിന്റെ നേതാവായ ദാസിനെ തിങ്കളാഴ്ചയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ഇതിനുപിന്നാലെ രാജ്യത്തെ വിവിധയിടങ്ങളില്‍ പ്രക്ഷോഭം ശക്തമായി. ഇതിനിടെയാണ് 'ഇസ്‌കോണി'നെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കൃഷ്ണദാസിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ സെയ്ഫുല്‍ ഇസ്ലാം മരണപ്പെട്ടത് ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി അറ്റോര്‍ണി ജനറലിനോട് സര്‍ക്കാര്‍ നിലപാട് ആരാഞ്ഞത്.
'ഇസ്‌കോണ്‍' ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ഒരു മതമൗലികവാദ സംഘടനയാണെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അസദുസ്സമാന്‍ ഹൈക്കോടതിയെ അറിയിച്ചത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദത്തിന് പിന്നാലെ 'ഇസ്‌കോണി'നെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ റിപ്പോര്‍ട്ടും രാജ്യത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഉടന്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ വരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ച സമയം. രാജ്യത്തെ ക്രമസമാധാനപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

hindu bangladesh Priest Arrest