/kalakaumudi/media/media_files/2024/12/02/DDDygbnkmU7rgwnv5gJT.jpg)
മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്‌കോണ്‍ സന്യാസിമാരെ തടഞ്ഞ് ബംഗ്ലാദേശ്. മതിയായ യാത്ര രേഖകളുണ്ടായിട്ടും സന്യാസിമാരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തിയില്‍ വെച്ച് സന്യാസിമാരെ തടഞ്ഞ അധികൃതര്‍ മണിക്കൂറുകളോളം കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
യാത്ര സംഘത്തിന് ഇന്ത്യയിലേക്ക് പോകാന്‍ അനുവാദം നല്‍കരുതെന്ന് ഉന്നത അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ഇസ്‌കോണ്‍ അംഗങ്ങള്‍ക്ക് പാസ്‌പോര്‍ട്ടും വിസയും ഉണ്ടായിരുന്നു, എന്നാല്‍ യാത്രക്കുള്ള പ്രത്യേക അനുമതി ഇല്ലെന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ബംഗ്ലാദേശില്‍ ഇസ്‌കോണുമായി ബന്ധപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌കോണ്‍ സന്യാസിമാര്‍ക്ക് ഇന്ത്യയിലേക്ക് പോകാനുള്ള യാത്ര അനുമതിയും നിഷേധിച്ചത്.
കഴിഞ്ഞ ദിവസം ഇസ്‌കോണ്‍ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദര്‍ദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം ബംഗ്ലാദേശ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കൂടാതെ 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായിരുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കെതിരെയാണ് നടപടിയെന്നാണ് വിശദീകരണം.