/kalakaumudi/media/media_files/2024/12/03/pkedi3pJbfXn9860A5h9.jpg)
ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണതിനെത്തുടര്‍ന്ന് ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പ്രണയ് വര്‍മയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിപ്പിച്ചു. വര്‍മ്മയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതായി വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈന്‍ മാധ്യമങ്ങളോടു പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തില്‍ ഹാജരായതായി ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സിയായ ബംഗ്ലാദേശ് സംഗ്ബാദ് സംഗ്‌സ്ത (ബിഎസ്എസ്) റിപ്പോര്ട്ട് ചെയ്തു.
ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി റിയാസ് ഹമീദുള്ളയാണ് ഇന്ത്യന് ഹൈക്കമ്മീഷണറെ വിളിപ്പിച്ചത്.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്ത ഓഗസ്റ്റ് 5 മുതല്‍ ഇരു അയല്‍രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണ ദാസിന്റെ അറസ്‌റ്റോടെ ഇത് കൂടുതല്‍ മോശമായ സ്ഥിതിയിലാണ്.