മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി; ബംഗ്ലദേശില്‍ 7 പേര്‍ അറസ്റ്റില്‍

ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും പലായനത്തിനും ഇട വരുത്തിയ വിദ്യാര്‍ഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാന്‍ ഹാദി (32) മരിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലദേശില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

author-image
Biju
New Update
MATHAM

ധാക്ക:ബംഗ്ലദേശിലെ കലാപത്തിനിടെ മൈമന്‍സിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മതനിന്ദ ആരോപിച്ച് മര്‍ദിക്കുകയും പിന്നീട് മരത്തില്‍ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്ത സംഭവത്തില്‍ 7 പേര്‍ അറസ്റ്റില്‍. ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും പലായനത്തിനും ഇട വരുത്തിയ വിദ്യാര്‍ഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാന്‍ ഹാദി (32) മരിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലദേശില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഒരാഴ്ച മുന്‍പ് തലയ്ക്കു വെടിയേറ്റ ഹാദി സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചിരുന്നു

ബംഗ്ലദേശിലെ ഏറ്റവും വലിയ പത്രസ്ഥാപനങ്ങളായ പ്രൊഥോം ആലോയുടെയും ഡെയ്ലി സ്റ്റാറിന്റെയും ഓഫിസുകളില്‍ കലാപകാരികള്‍ അക്രമം നടത്തുകയും തീവയ്ക്കുകയും ചെയ്തു. സ്ഥാപനം അടയ്‌ക്കേണ്ടിവന്നു. ഓണ്‍ലൈന്‍ എഡിഷന്റെ പ്രവര്‍ത്തനം 17 മണിക്കൂര്‍ തടസ്സപ്പെട്ടു. 150 കംപ്യൂട്ടറുകളും, പണവും, ജീവനക്കാരുടെ വസ്തുക്കളും കൊള്ളയടിച്ചു. ആദ്യനില മുതല്‍ മൂന്നാം നിലവരെ ഒന്നും അവശേഷിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഇത്തരം ആക്രണങ്ങള്‍ ബംഗ്ലദേശില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഹമ്മദ് യൂനിസ് പറഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാനായി പൊലീസും സുരക്ഷാസേനകളും ധാക്കയുള്‍പ്പെടെ ബംഗ്ലദേശിലെ വിവിധ നഗരങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.