35 വര്‍ഷത്തിന് ശേഷം ബംഗ്ലാദേശില്‍ പുരുഷ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ നാളെ, താരിഖിന്റെ വരവ് ഇന്ത്യയ്ക്ക് ഗുണമോ?

വരും മാസങ്ങളിലെ താരിഖ് റഹ്മാന്റെ നയങ്ങള്‍ക്കനുസരിച്ചായിരിക്കും ഇന്ത്യയുടെ അടുത്ത നീക്കങ്ങള്‍. അപ്പോഴും ഹസീനയ്ക്ക് അഭയം നല്‍കിയ ഇന്ത്യയോട് എന്ത് സമീപനം സ്വീകരിക്കും എന്നതും ചോദ്യമാണ്.

author-image
Biju
New Update
tr2

ധാക്ക: ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം നടന്ന 13-ാമത് ദേശീയ ഹളരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയതോടെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ താരിഖ് റഹ്മാന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാവുകയാണ്. ആകെയുള്ള 299 സീറ്റുകളില്‍ 200-ലധികം സീറ്റുകള്‍ ബിഎന്‍പി സഖ്യം കരസ്ഥമാക്കിയതോടെ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീവ്ര ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമി 70-ഓളം സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി മാറി. എന്നാല്‍ വോട്ടെണ്ണലില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയിട്ടുണ്ട്. ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

വിജയം ഉറപ്പായതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ അഭിനന്ദിച്ചു. ജനാധിപത്യപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും മോദി എക്‌സി-ല്‍ കുറിച്ചു.

രാജ്യത്തുനിന്ന് ഒളിച്ചോടി 17 വര്‍ഷക്കാലം പ്രവാസജീവിതം നയിച്ച താരിഖ് റഹ്മാന്‍ അസുഖബാധിതയായി കിടക്കുകയായിരുന്ന അമ്മ ഖാലിദ സിയയെ കാണാനായിരുന്നു രാജ്യത്ത് തിരിച്ചെത്തിയത്. പക്ഷെ, കഴിഞ്ഞവര്‍ഷം ഡിസംബര്‍ 25-ന് നാട്ടില്‍ കാലുകുത്തിയ ഉടനെ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ സൂചന അദ്ദേഹം നല്‍കിയിരുന്നു. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനുള്ള സമയമാണിത്, നമുക്ക് സുരക്ഷിതമായ ബംഗ്ലാദേശിനെ പുനര്‍നിര്‍മിക്കണം, സ്ത്രീ എന്നും പുരുഷനെന്നും കുട്ടികളെന്നും വ്യത്യാസമില്ലാതെ ഓരോ ബംഗ്ലാദേശി പൗരനും തന്റെ വീട്ടില്‍ സുരക്ഷിതമായി കഴിയാനുള്ള സാഹചര്യമുണ്ടാവണം- അന്ന് താരിഖിന്റെ ഈ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് ജനങ്ങള്‍ നേരിട്ടത്.

താരിഖിന്റെ വരവ് പുതിയ രാഷ്ട്രീയ നീക്കത്തിനുള്ള സൂചനയാണെന്നും അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രധാനമന്ത്രിയാവുമെന്നും വിലയിരുത്തപ്പെട്ടു. കാരണം വെറുമൊരു തിരഞ്ഞെടുപ്പ് എന്നതിനപ്പുറം തനിക്ക് നാടുവിട്ട് പോവേണ്ടി വന്നതിന് കാരണക്കാരായ ഷെയ്ഖ് ഹസീനയോടും അവാമി ലീഗിനോടുമുള്ള പകരം ചോദിക്കല്‍ കൂടെയായിരുന്ന താരിഖിന് ഈ തിരഞ്ഞെടുപ്പ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30-ന് ആയിരുന്നു താരിഖിന്റെ മാതാവും ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രികൂടിയുമായ ഖാലിദ സിയ അന്തരിച്ചത്.

ഖാലിദ സിയയുടെയും മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മകനായ താരിഖ് റഹ്മാന്‍ 2008-മുതല്‍ ലണ്ടനില്‍ താമസിക്കുകയായിരുന്നു. 2018 മുതല്‍ ബിഎന്‍പിയുടെ ആക്ടിങ് ചെയര്‍മാനുമാണ്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള രാഷ്ട്രീയ ശത്രുതയില്‍ അമ്മ ഖാലിദ സിയയെ ജയിലിലടച്ച കാലത്താണ് റഹ്മാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നത്. 2001 മുതല്‍ 2006-വരെ ഖാലിദ സിയ രണ്ടാമതും ഭരണത്തിലേറിയ കാലത്ത് താരിഖ് റഹ്മാന്‍ പ്രധാന രാഷ്ട്രീയ നേതാവായും മാറി. പക്ഷെ, ആദ്ദേഹത്തിനെതിരെ രാഷ്ട്രീയ ദുര്‍വിനിയോഗം, അഴിമതി, കലാപം എന്നീ കുറ്റങ്ങളെല്ലാം ആരോപിച്ച് കേസെടുക്കുകയും ചെയ്തിരുന്നു.

2006 മുതല്‍ 2009 വരെയുള്ള സൈനിക ഭരണകൂടം ഈ ആരോപണങ്ങളെല്ലാം അന്വേഷിക്കുകയും ചെയ്തു. ഇതിനിടെ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് രാജ്യവ്യാപക പ്രക്ഷോഭം നയിച്ചു. ഡോ. ഫക്രുദ്ദീന്‍ അലിയുടെ നേതൃത്വത്തിലായിരുന്നു അന്ന് ഇടക്കാല സര്‍ക്കാര്‍. തുടര്‍ന്ന് ഖാലിദ സിയ, ഷെയ്ഖ് ഹസീന എന്നിവരെല്ലാം അറസ്റ്റിലായി. 2007-ല്‍ താരിഖ് റഹ്മാനും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അര്‍ധരാത്രി ആഡംബര വീട്ടില്‍നിന്ന് വലിച്ചഴിച്ചായിരുന്നു സൈന്യം താരിഖിനെ അറസ്റ്റ് ചെയ്തത്.

1991ന് മുമ്പ് ബംഗ്ലാദേശ് രാഷ്ട്രീയം ഷെയ്ഖ് ഹസീന, ഖാലിദ സിയ തുടങ്ങിയ വനിതാ രാഷ്ട്രീയ നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു. ബംഗ്ലാദേശിന്റെ പ്രഥമ പ്രസിഡന്റ് ആയ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ 1975 ഓഗസ്റ്റില്‍ നടന്ന സൈനിക അട്ടിമറിയില്‍ കൊല്ലപ്പെട്ടതോടെയാണ് ഷെയ്ഖ് ഹസീന രാഷ്ട്രീയത്തില്‍ സജീവമായതെങ്കില്‍ 1981-ലെ സൈനിക അട്ടിമറിയില്‍ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതോടെയാണ് ഖാലിദ സിയ രാഷ്ട്രീയത്തില്‍ സജീവമായത്. ജനറല്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദ് 1980-ല്‍ അധികാരത്തിലെത്തിയ കാലത്ത് ഹസീനയും ഖാലിദ സിയയും ഒരുമിച്ച ചുരുങ്ങിയ കാലത്തല്ലാതെ ഇരുവരുംവിരുദ്ധ ചേരിയില്‍ തന്നെയായിരുന്നു.

2009-ല്‍ ഹസീന അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്തായിരുന്ന ബിഎന്‍പി വലിയ അടിച്ചമര്‍ത്തലുകളെ നേരിട്ടു. ബിഎന്‍പി നേതാക്കളായ ഒട്ടേറെ പേര്‍ ജയിലില്‍ അടക്കപ്പെട്ടു. വിചാരണയെ നേരിടേണ്ടി വന്നു. ഇതിനിടെയാണ് അറസ്റ്റുചെയ്യപ്പെട്ട താരിഖ് റഹ്മാന്‍ 18 മാസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. 2008 സെപ്റ്റംബറില്‍ യുകെയിലേക്ക് നാടുവിടുകയും ചെയ്തു. ചികിത്സാ ആവശ്യാര്‍ഥമെന്ന് പറഞ്ഞാണ് താരിഖ് ലണ്ടനിലേക്ക് പോയത്. പിന്നീട് തിരിച്ചുവന്നില്ല.

2024ലെ ബംഗ്ലാദേശ് കലാപത്തില്‍ ഏകദേശം 1,400 പേര്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ പുറത്തുവിട്ട കണക്ക്. ഇത് അവാമി ലീഗ് നടത്തിയ കൂട്ടക്കൊലയായി കണക്കാക്കി പാര്‍ട്ടിക്ക് രാജ്യത്ത് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു താരിഖിന്റെ തിരിച്ചുവരവ്. ഇതിനിടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബിഎന്‍പി, ജമാഅത്തെ ഇസ്ലാമിയുമായി ദശാബ്ദങ്ങളായി തുടരുന്ന സഖ്യം ഉപേക്ഷിക്കുകയും ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ നീക്കം നടത്തുകയും ചെയ്തു. മതേതര വോട്ടുകളെ ബിഎന്‍പിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നു ബിഎന്‍പി കണക്കുകൂട്ടിയിരുന്നു. ഇതാണ് ഇത്തവണ ബിഎന്‍പിക്ക് വന്‍ഭൂരിപക്ഷം ലഭിക്കാനുണ്ടായ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതോടെ, രണ്ട് ദശാബ്ദത്തിന് ശേഷം ബിഎന്‍പിക്ക് ബംഗ്ലാദേശിനെ ഭരിക്കാനുള്ള സാഹചര്യവുമൊരുങ്ങി.

ഹസീന സര്‍ക്കാരിനെതിരെ നടന്ന വിദ്യാര്‍ഥി സമരത്തിന് ശേഷം രൂപീകരിക്കപ്പെട്ട നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി(എന്‍സിപി)യും രംഗത്തുണ്ടായിരുന്നെങ്കിലും വലിയ ചലനമുണ്ടാക്കാനായില്ല.
2024 ജനുവരിയിലാണ് ഷെയ്ഖ് ഹസീന അവസാനമായി പ്രധാനമന്ത്രി പദത്തിലെത്തിയത്. പക്ഷേ, ഏകപക്ഷീയമായിരുന്നു ബംഗ്ലാദേശില്‍ നടന്ന ആ തിരഞ്ഞെടുപ്പ്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. അതോടെ, വോട്ടെടുപ്പ് നടന്ന 299 മണ്ഡലങ്ങളില്‍ 223-ലും ഭരണകക്ഷിയായ അവാമി ലീഗ് വിജയിച്ചു. ബംഗ്ലാദേശ് സ്ഥാപകന്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ മകള്‍ ഷെയ്ഖ് ഹസീന തുടര്‍ച്ചയായി നാലാമതും പ്രധാനമന്ത്രിയാവുകയും ചെയ്തു. ബംഗ്ലാദേശില്‍ അഞ്ച് തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായത്. 1996-ലായിരുന്നു ആദ്യത്തെ ഊഴം. 2001-ല്‍ അധികാരം നഷ്ടമായെങ്കിലും 2009-ല്‍ പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്തി. പിന്നീട് അവര്‍ തോറ്റിട്ടില്ല.

അനുയായികള്‍ക്ക് അവര്‍ 'ഉരുക്കുവനിത'യാണ്. ബംഗ്ലാദേശിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ച പ്രധാനമന്ത്രി. പക്ഷേ, വിമര്‍ശകര്‍ക്ക് അവര്‍ 'ഏകാധിപതി'യാണ്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണാധികാരി. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിന് ശേഷം ഷെയ്ഖ് ഹസീനയ്ക്ക് എതിരായ വികാരം ബംഗ്ലാദേശില്‍ വ്യാപകമായിരുന്നു.

ഇതിനിടെ, വലിയ അഴിമതി ആരോപണമാണ് അവര്‍ക്കെതിരേ ഉയര്‍ന്നത്. ഷെയ്ഖ് ഹസീനയുടെ വീട്ടിലെ ജോലിക്കാരനായ ജഹാംഗീര്‍ ആലത്തിന്റെ സമ്പാദ്യം 3.4 കോടി ഡോളറാണെന്ന റിപ്പോര്‍ട്ടുകള്‍ വലിയ ഒച്ചപ്പാടാണ് രാജ്യത്തുണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഹസീനയെ സ്വേച്ഛാധിപതി എന്ന് വിളിക്കുന്ന മുദ്രാവാക്യങ്ങള്‍, ഗാനങ്ങള്‍ എന്നിവയെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പിന്നാലെ, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം മൂര്‍ധന്യാവസ്ഥയിലെത്തി. പ്രതിഷേധം രൂക്ഷമായതോടെ ഹസീന സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലായി . പിന്നാലെ അവര്‍ അധികാരത്തില്‍നിന്ന് പുറത്താകുകയും ചെയ്തു.അവാമി ലീഗിനെ യുനൂസ് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. ഇതോടെ

ഇരുപതുവര്‍ഷക്കാലം ബംഗ്ലാദേശിനെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയ ഷെയ്ഖ് ഹസീനയെന്ന നേതാവ് ഇല്ലാത്ത ഒരു പൊതുതിരഞ്ഞെടുപ്പിനെയാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശുകാര്‍ നേരിട്ടത്. 2024-ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ ഹസീനയ്ക്ക് രാജ്യത്തുനിന്ന് ഒളിച്ചോടേണ്ടി വന്നപ്പോള്‍ ഇനി ബംഗ്ലാദേശിന്റെ ഭാവിയെന്തെന്ന വലിയ ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനാണ് താരിഖിന്റെ തിരിച്ചെത്തലോടെ ഉത്തരമായത്. 2025-ല്‍ മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഷെയ്ഖ് ഹസീനയെ യുദ്ധക്കുറ്റവാളിയായി കണക്കാക്കി വധശിക്ഷയ്ക്കും വിധിച്ചിരുന്നു.

ഇപ്പോള്‍, ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ നിലപാടിന് എന്ത് മാറ്റം ഉണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.


രാജ്യാന്തര ബന്ധം:

ഷെയ്ഖ് ഹസീനയുടെ കാലത്ത് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ സുവര്‍ണ്ണകാലമായിരുന്നു. എന്നാല്‍ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാകിസ്ഥാനോടും ചൈനയോടും കൂടുതല്‍ അടുക്കുമോ എന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. 'പാകിസ്ഥാന്‍-ചൈന-ബംഗ്ലാദേശ്' എന്നൊരു സഖ്യം രൂപപ്പെട്ടാല്‍ അത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയെ ബാധിക്കും. ചൈനയുടെ നിക്ഷേപങ്ങള്‍ ബംഗ്ലാദേശിലെ തുറമുഖങ്ങളില്‍ വര്‍ദ്ധിക്കുന്നത് ഇന്ത്യന്‍ സമുദ്രമേഖലയില്‍ ഇന്ത്യയുടെ മേധാവിത്വത്തിന് ഭീഷണിയായേക്കാം.

തീവ്രവാദത്തിനെതിരായ പോരാട്ടം:

ഇന്ത്യയുമായി 4,100 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. ഹസീനയുടെ ഭരണകാലത്ത് ഇന്ത്യന്‍ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ ധാക്ക സഹായിച്ചിരുന്നു. എന്നാല്‍ ബിഎന്‍പി അധികാരത്തില്‍ വരുമ്പോള്‍ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റവും ലഹരിക്കടത്തും വര്‍ദ്ധിക്കുമോ എന്ന ആശങ്ക ഡല്‍ഹിക്കുണ്ട്. പ്രത്യേകിച്ച് ബംഗാള്‍, അസം തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഈ വിഷയം ഇന്ത്യക്ക് രാഷ്ട്രീയമായും നിര്‍ണ്ണായകമാണ്.

ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം:

2024ലെ പ്രക്ഷോഭത്തിന് ശേഷം ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിന് (ജനസംഖ്യയുടെ 8-9%) നേരെ വ്യാപകമായ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചില കണക്കുകള്‍ പ്രകാരം 2,000-ത്തിലധികം വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും 23-ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. താരിഖ് റഹ്മാന്‍ എല്ലാവര്‍ക്കും സുരക്ഷ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ബിഎന്‍പിയുടെ മുന്‍കാല ചരിത്രം ഇന്ത്യയെ ജാഗരൂകരാക്കുന്നു.

വ്യാപാര ബന്ധങ്ങള്‍:

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ പ്രതിവര്‍ഷം 14 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. ബംഗ്ലാദേശിന്റെ വസ്ത്രവ്യാപാര മേഖലയ്ക്ക് ആവശ്യമായ പരുത്തിയുടെ 80 ശതമാനവും നല്‍കുന്നത് ഇന്ത്യയാണ്. സാമ്പത്തികമായി ഇന്ത്യയെ ആശ്രയിക്കുന്നത് തുടരാന്‍ താരിഖ് റഹ്മാന്‍ നിര്‍ബന്ധിതനാകുമെങ്കിലും, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി നല്‍കാന്‍ അദ്ദേഹം ശ്രമിച്ചാല്‍ അത് ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കും.

അടുക്കുന്നതിന്റെ സൂചന:

ഫലം പുറത്തുവന്ന ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ അഭിനന്ദിച്ചത് ഒരു പുതിയ തുടക്കത്തിന്റെ സൂചനയാണ്. ഹസീനയുടെ അഭാവത്തില്‍ നിലനില്‍ക്കുന്ന വിടവ് നികത്തി, പരസ്പര വിശ്വാസത്തിലൂന്നിയ ഒരു ബന്ധം കെട്ടിപ്പടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എങ്കിലും വരും മാസങ്ങളിലെ താരിഖ് റഹ്മാന്റെ നയങ്ങള്‍ക്കനുസരിച്ചായിരിക്കും ഇന്ത്യയുടെ അടുത്ത നീക്കങ്ങള്‍. അപ്പോഴും ഹസീനയ്ക്ക് അഭയം നല്‍കിയ ഇന്ത്യയോട് എന്ത് സമീപനം സ്വീകരിക്കും എന്നതും ചോദ്യമാണ്.