/kalakaumudi/media/media_files/2026/02/16/bangla-tariq-2026-02-16-13-07-34.jpg)
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ താരീഖ് റഹ്മാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും. നാളെ ധാക്കയില്‍ നടക്കുന്ന ചടങ്ങിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ബിര്‍ളയെ ഔദ്യോഗിക പ്രതിനിധിയായി നിയോഗിച്ചു.
ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി.എന്‍.പി നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും, മുന്‍കൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. ഫെബ്രുവരി 17-ന് മുംബൈയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതിനിധിയായി സ്പീക്കറെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അടിവരയിടുന്നതാണ് സ്പീക്കറുടെ സാന്നിധ്യമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.താരീഖ് റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലേക്ക് മാറുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 300 അംഗ പാര്‍ലമെന്റില്‍ 209 സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് ബി.എന്‍.പി അധികാരം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ താരീഖ് റഹ്മാനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ആദ്യ ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.
ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ പരിഹരിക്കാനുള്ള സുപ്രധാന നീക്കമായാണ് ഈ നയതന്ത്ര ഇടപെടല്‍ വിലയിരുത്തപ്പെടുന്നത്.
ഫെബ്രുവരി 17 വൈകുന്നേരമാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ചൈന, സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി, യു.എ.ഇ തുടങ്ങി 13 രാജ്യങ്ങളിലെ ഭരണത്തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാരുമായി സഹകരിച്ച് മേഖലയിലെ സമാധാനവും പുരോഗതിയും ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
