/kalakaumudi/media/media_files/2026/02/10/kannada2-2026-02-10-09-49-23.jpg)
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ പട്ടാപ്പകല്‍ ഇന്ത്യന്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. ബെംഗളൂരു റൂറല്‍ ജില്ലയിലെ തൈമഗൊണ്ട്‌ലു സ്വദേശിയായ ചന്ദന്‍ കുമാര്‍ രാജ നന്ദകുമാര്‍ (37) ആണ് കൊലപ്പെട്ടത്. ടൊറന്റോയിലെ ഷോപ്പിങ് മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവം ആസൂത്രിത ആക്രമണമാണെന്ന സംശയമുണ്ട്. ടൊറന്റോ പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30ഓടെയാണ് ചന്ദന്‍ കുമാറിന് നേരെ ആക്രമണം ഉണ്ടായത്. റെക്‌സ്‌ഡെയ്ല്‍ ബൊളിവാര്‍ഡിന് സമീപമുള്ള വുഡ്‌ബൈന്‍ ഷോപ്പിങ് സെന്ററിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്ത് ചന്ദന്‍ കുമാര്‍ കാറിലിരിക്കുമ്പോഴാണ് അക്രമികള്‍ നിറയൊഴിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ ചന്ദന്‍ കുമാറിന് ഒന്നിലധികം വെടിയേറ്റിരുന്നതായി ടൊറന്റോ പൊലീസ് സര്‍വീസ് പ്രസ്താവനയില്‍ അറിയിച്ചു. ആശുപത്രിയിലേക്ക് എത്തുംമുന്‍പേ മരണം സംഭവിച്ചുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച മകനുമായി സംസാരിച്ചിരുന്നതായി ചന്ദന്‍ കുമാറിന്റെ പിതാവ് നന്ദകുമാര്‍ പറഞ്ഞു. ഇത്തവണത്തെ വേനല്‍ക്കാലത്ത് അവധിയെടുത്ത് നാട്ടിലേക്ക് വരുമെന്ന് മകന്‍ പറഞ്ഞിരുന്നു. മകന്റെ വിവാഹം നടത്താനായി തങ്ങള്‍ ആലോചിച്ചിരുന്നു. മരണവാര്‍ത്ത കേട്ട് തങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്നും പിതാവ് പറഞ്ഞു.
അതേസമയം ചന്ദന്‍ കുമാറിന് നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന സംശയം ഉയരുന്നുണ്ട്. ടൊറന്റോയില്‍ കന്നഡ അസോസിയേഷന്‍ തുടങ്ങാന്‍ ചന്ദന്‍ കുമാര്‍ ശ്രമം നടത്തിയിരുന്നതായി ചില ബന്ധുക്കള്‍ പറഞ്ഞു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ടൊറന്റോയിലെ കര്‍ണാടക സാംസ്‌കാരിക പരിപാടികളില്‍ ചന്ദന്‍ കുമാര്‍ സജീവമായിരുന്നുവെന്ന് സുഹൃത്തുക്കളും പറഞ്ഞു.
ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനം ചന്ദന്‍ കുമാര്‍ പല തവണ മാറ്റിവച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. തങ്ങളുടെ വാക്ക് കേട്ട് മടങ്ങിയിരുന്നെങ്കില്‍ അവന്‍ ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നേനെ എന്ന് പിതാവ് നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ചന്ദന്‍ കുമാറിന്റെ കൊലപാതകം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തെ നടുക്കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ചന്ദന്‍ കുമാ ആറ് വര്‍ഷം മുന്‍പാണ് കാനഡയില്‍ എത്തിയത്. നിലവില്‍ എല്‍ടിഐ മൈന്‍ഡ്ട്രീ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മുന്‍പ് ബെംഗളൂരുവില്‍ കോഗ്‌നിസന്റില്‍ ജോലി ചെയ്തിട്ടുണ്ട്. ചന്ദന്‍ കുമാറിനെതിരായ ആക്രമണത്തെ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അപലപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
