അറസ്റ്റ് ഭയന്ന് വിമാനത്തിന്റെ റൂട്ട് മാറ്റി പറത്തി നെതന്യാഹു

ഗാസയിലെ യുദ്ധകുറ്റങ്ങളുടെ പേരില്‍ 2024 നവംബറിലാണ് നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ഇസ്രയേലിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ടുണ്ട്.

author-image
Biju
New Update
netanyahu

വാഷിങ്ടണ്‍: യുദ്ധക്കുറ്റങ്ങളില്‍ അറസ്റ്റു ചെയ്യുമോ എന്ന് ഭയന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സഞ്ചാരപാത മാറ്റിയതായി മാധ്യമ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി പോകവേ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം 'വിങ്‌സ് ഓഫ് സായന്‍' യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള പറക്കല്‍ ഒഴിവാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ നെതന്യാഹുവിന്റെ വിമാനത്തിന് 600 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വന്നു.

ഗാസയിലെ യുദ്ധകുറ്റങ്ങളുടെ പേരില്‍ 2024 നവംബറിലാണ് നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.  ഇസ്രയേലിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ടുണ്ട്. തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെ പറന്നാല്‍ ചിലപ്പോള്‍ വിമാനം നിലത്തിറക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു വഴിമാറ്റി പറന്നത്. 

സഞ്ചാരപാത മാറ്റിയത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാന്‍ ഇസ്രയേല്‍ അനുവാദം ചോദിച്ചെന്നും അതു നല്‍കിയെന്നും ഫ്രാന്‍സ് പറഞ്ഞു. എന്നാല്‍, ഈ റൂട്ട് ഇസ്രയേല്‍ ഉപയോഗിച്ചില്ല. യുഎന്നിലെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തശേഷം നെതന്യാഹു യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

Benjamin Netanyahu