ഇറാൻ ഉടൻ സ്വതന്ത്രമാകും, ഇസ്രയേൽ നിങ്ങൾക്കൊപ്പം; സന്ദേശവുമായി നെതന്യാഹു

ഇറാന്റെ പാവകൾ ഇല്ലാതാകുകയാണെന്ന് പറഞ്ഞ നെതന്യാഹു പശ്ചിമേഷ്യയിൽ ഇസ്രയേലിന് എത്തിച്ചേരാൻ സാധിക്കാത്ത ഒരിടവും ഇല്ലെന്നും മുന്നറിയിപ്പ് നൽകി.

author-image
anumol ps
New Update
nethanyahu

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

 


ടെൽ അവീവ്: ഇറാനിയൻ ജനതയ്ക്ക് സന്ദേശവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ഉടൻ സ്വതന്ത്രമാകും. ഇസ്രയേൽ ഇറാനൊപ്പമുണ്ടെന്നും നെതന്യാഹു നേരിട്ട് നൽകിയ സന്ദേശത്തിൽ പറയുന്നു. ഇറാൻ പിന്തുണയ്ക്കുന്നുവെന്ന് ആരോപണമുള്ള ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രയേൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ സന്ദേശം എന്നതും ശ്രദ്ധേയമാണ്. 

'എല്ലാ ദിവസവും, നിങ്ങളെ സ്വാധീനിക്കുന്നതിനായി ലെബനനെ പ്രതിരോധിക്കുമെന്നും ഗാസയെ പ്രതിരോധിക്കുമെന്നും പറഞ്ഞുള്ള തീപ്പൊരി പ്രസംഗങ്ങൾ നടത്തുന്ന ഒരു ഭരണകൂടത്തെ നിങ്ങൾ കാണുന്നു. എന്നിട്ട് എല്ലാ ദിവസവും, ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ കൂടുതൽ ഇരുട്ടിലേക്കും ആഴത്തിലുള്ള യുദ്ധത്തിലേക്കും ആഴ്ത്തുന്നു' നെതന്യാഹു പറഞ്ഞു. ഇറാനിയൻ ഭാഷയിലുള്ള സബ് ടൈറ്റിലോട് കൂടിയാണ് നെതന്യാഹു വീഡിയോ സന്ദേശം നൽകിയിരിക്കുന്നത്.

ഇറാന്റെ പാവകൾ ഇല്ലാതാകുകയാണെന്ന് പറഞ്ഞ നെതന്യാഹു പശ്ചിമേഷ്യയിൽ ഇസ്രയേലിന് എത്തിച്ചേരാൻ സാധിക്കാത്ത ഒരിടവും ഇല്ലെന്നും മുന്നറിയിപ്പ് നൽകി. 'ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ എവിടെ വരെയും പോകും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഓരോ നിമിഷവും കുലീനരായ പേർഷ്യൻ ജനതയെ നിങ്ങളുടെ ഭരണകൂടം അഗാധത്തിലേക്കാണ് എത്തിക്കുന്നത്. ഇറാൻകാരിൽ ബഹുഭൂരിപക്ഷത്തിനും അവരുടെ ഭരണകൂടം തങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് അറിയാം. അവർക്ക് നിങ്ങളെ കുറിച്ച് ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ പശ്ചിമേഷ്യയിൽ ഉടനീളമുള്ള വ്യർത്ഥമായ യുദ്ധങ്ങൾക്കായി കോടിക്കണക്കിന് ഡോളർ പാഴാക്കുന്നത് അവർ അവസാനിപ്പിക്കുമായിരുന്നു. അത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു. ആണവായുധങ്ങൾക്കും വിദേശ യുദ്ധങ്ങൾക്കുമായി ഭരണകൂടം പാഴാക്കിയ പണമെല്ലാം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും നിങ്ങളുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും നിക്ഷേപിച്ചിരുന്നെങ്കിലെന്ന് സങ്കൽപ്പിക്കുക' ഇറാനികളോടായി നെതന്യാഹു പറഞ്ഞു.

ഇറാൻ ഒടുവിൽ സ്വതന്ത്രമാകുമെന്നും ആ നിമിഷം ആളുകൾ കരുതുന്നതിലും വളരെ വേഗത്തിലായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതോടെ എല്ലാം വ്യത്യസ്തമായിരിക്കും 'നമ്മുടെ രണ്ട് പുരാതന ജനത, ജൂത ജനതയും പേർഷ്യൻ ജനതയും ഒടുവിൽ സമാധാനത്തിലാകും. ഇസ്രായേലും ഇറാനും സമാധാനത്തിലായിരിക്കും' നെതന്യാഹു കൂട്ടിച്ചേർത്തു.

 

Benjamin Netanyahu