നെതന്യാഹുവിന്റെ 'വിങ്‌സ് ഓഫ് സായണ്‍' വിമാനം ഇസ്രയേല്‍ വിട്ടു, എങ്ങോട്ട്?

ഇസ്രയേലിലെ ബേഷീബയിലുള്ള നെവാറ്റീം സൈനിക താവളത്തില്‍ നിന്ന് ഇന്ത്യന്‍ സമയം മൂന്നുമണിക്കാണ് വിമാനം ടേക്കോഫ് ചെയ്തത്. ഗ്രീക്ക് ദ്വീപായ ക്രെറ്റയുടെ തലസ്ഥാനമായ ഹെരാക്ലിയനിലേക്കാണ് വിമാനം പറന്നത്.

author-image
Biju
New Update
SAYAON

ജറുസലം: ഇറാനില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വിമാനം രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'വിങ്‌സ് ഓഫ് സായണ്‍' എന്നാണ് വിമാനത്തിന്റെ ഔദ്യോഗിക പേര്. ഇറാന്റെ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വിമാനം രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രയേലിലെ ബേഷീബയിലുള്ള നെവാറ്റീം സൈനിക താവളത്തില്‍ നിന്ന് ഇന്ത്യന്‍ സമയം മൂന്നുമണിക്കാണ് വിമാനം ടേക്കോഫ് ചെയ്തത്. ഗ്രീക്ക് ദ്വീപായ ക്രെറ്റയുടെ തലസ്ഥാനമായ ഹെരാക്ലിയനിലേക്കാണ് വിമാനം പറന്നത്. പിന്നീട് വിമാനം ബേഷീബയിലേക്ക് തിരിച്ചെത്തി. പറക്കലിന്റെ ഉദ്ദേശ്യത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചു. അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പതിവ് പരിശീലന പറക്കലായിരുന്നു എന്നാണ് അനൗദ്യോഗിക വിശദീകരണം.

ഇതിനിടെ, ഇറാനുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രധാന സൈനിക താവളങ്ങളില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

തങ്ങളെ ആക്രമിച്ചാല്‍ അമേരിക്കന്‍ സൈനിക താവളങ്ങളുള്ള അയല്‍രാജ്യങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എഎഫ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തിലുള്ള ചില ഉദ്യോഗസ്ഥരോട് അവിടം വിട്ടുപോകാന്‍ യുഎസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നു താവളം വിടാനാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്തറിലാണുള്ളത്.

ഇറാനിലെ പ്രതിഷേധക്കാരോട് പ്രതിഷേധം തുടരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണ മുന്നറിയിപ്പ്. ഇറാനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സുരക്ഷാസൈനികരടക്കം 2,000 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് ഇറാന്‍ സുരക്ഷാ ഏജന്‍സിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2003 പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഇറാന്‍ ഹ്യുമന്‍ റൈറ്റ്‌സ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.