'പാഷൻ കൊണ്ട് ബില്ലുകൾ അടയ്ക്കാനാവില്ല,' 3 മാസത്തെ കുടിശ്ശിക ഉണ്ടെന്ന് പരാതിയുമായി ജീവനക്കാരൻ, ഉടനെ തരാം എന്ന് ബൈജു രവീന്ദ്രൻ

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ് പാപ്പരത്തത്തിൻ്റെ വക്കിലാണ്. ഓഫീസിൽ നേരിട്ട് എത്തി ജീവനക്കാരെ കാണാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച ബൈജു രവീന്ദ്രൻ തനിക്കെതിരായ ചില ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ലിങ്ക്ഡ്ഇനിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്

author-image
Rajesh T L
New Update
hjewjab

മൂന്ന് മാസത്തെ കുടിശ്ശികയുള്ള ശമ്പളം നൽകാമെന്ന് ജീവനക്കാരന് ഉറപ്പു നൽകി എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ് പാപ്പരത്തത്തിൻ്റെ വക്കിലാണ്. ഓഫീസിൽ നേരിട്ട് എത്തി ജീവനക്കാരെ കാണാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച ബൈജു രവീന്ദ്രൻ തനിക്കെതിരായ ചില ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ലിങ്ക്ഡ്ഇനിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇതിന് കമൻ്റുകളായി ജീവനക്കാരുൾപ്പടെ ചോദ്യങ്ങളുമായി എത്തയപ്പോഴാണ് ശമ്പള കുടിശ്ശിക തീർക്കാമെന്ന് ബൈജു രവീന്ദ്രൻ വാഗ്ദാനം നൽകിയത്.

സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കേസുകളിൽ നിന്നും രക്ഷപ്പെടാൻ ദുബായിലേക്ക് ഒളിച്ചോടിയതായി ബൈജുവിനെതിരെ ആരോപണം ശക്തമാകുമ്പോഴാണ് ലിങ്ക്ഡ്ഇൻ വഴി പ്രതികരിച്ചിരിക്കുന്നത്. ഇതിൽ, തന്റെ കുടുംബം ഓഹരികൾ വിറ്റുകൊണ്ട് സമ്പത്ത് സമ്പാദിച്ചുവെന്ന വാദങ്ങൾ മുഴുവൻ ബൈജു നിഷേധിച്ചു, മുഴുവൻ പണവും ബൈജൂസിൽ വീണ്ടും നിക്ഷേപിച്ചതായി ബൈജു പറഞ്ഞു. ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കൺസൾട്ടൻസി സ്ഥാപനമായ ഇവൈ, മുൻ റെസല്യൂഷൻ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ എന്നിവർ നടത്തിയ  ഗൂഢാലോചനയെയും വഞ്ചനയെയും കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബൈജു ആവശ്യപ്പെട്ടു. തന്റെ നിരപരാധിത്വം ആവർത്തിച്ച് വ്യക്തമാക്കിയ ബൈജു, ശക്തമായി തിരിച്ചുവരവ് നടത്തുമെന്നും പറഞ്ഞിട്ടുണ്ട്.

ഈ പോസ്റ്റിൻ്റെ കമന്റായി മൂന്ന് മാസമായി ജീവനക്കാരുടെ ശമ്പളം നൽകാത്തതിനെക്കുറിച്ച് ഒരു ജീവനക്കാരൻ ചോദിച്ചു. കമ്പനിയുടെ ഏറ്റവും മോശം സമയങ്ങളിലും ഒപ്പം നിന്ന ജീവനക്കാരോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ജീവനക്കാരൻ ബൈജു രവീന്ദ്രനെ ഓർമ്മിപ്പിച്ചു. നിങ്ങളുടെ ഭാ​ഗം ഞങ്ങൾ കേൾക്കുന്നു, സ്ഥാപനത്തോടുള്ള നിങ്ങളുടെ താൽപര്യം മനസ്സിലാകുന്നുമുണ്ട്. പക്ഷേ ഈ താൽപര്യം വെച്ച് ഞങ്ങൾക്ക ‍ഞങ്ങളുടെ ബില്ലുകൾ അടയ്ക്കാൻ കഴിയുന്നില്ല. ബൈജൂസിൻ്റെ ജീവനക്കാർ മൂന്ന് മാസമായി ശമ്പളമില്ലാതെ കുടുങ്ങി കിടക്കുകയാണെന്ന് കമന്റിൽ പറ‍ഞ്ഞു. ഇതിന് മറുപടിയായാണ് കുടിശ്ശിയുള്ള ശമ്പളം ഉടനെ തീർക്കുമെന്ന ബൈജു രവീന്ദ്രൻ പറഞ്ഞത്. 

byjus byjus app byju raveendran