/kalakaumudi/media/media_files/2025/04/14/Oej69cyEKkNPl2irWjlD.jpg)
വാഷിങ്ടണ്‍: സ്‌പേസ് ടൂറിസത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ മാത്രമായി നടത്തിയ ബഹിരാകാശ യാത്ര പൂര്‍ത്തിയായി. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ എന്‍ എസ് 31 പേടകത്തിലായിരുന്നു യാത്ര.
വിഖ്യാത പോപ് ഗായിക കാത്തി പെറി, അമേരിക്കന്‍ പത്രപ്രവര്‍ത്തക ഗെയില്‍ കിംങ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മാതാവ് കരിന്‍ ഫ്‌ലിന്‍, ബോസോസിന്റെ കാമുകിയും മാധ്യമ പ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസ് എന്നിവരടക്കം ആറ് യാത്രികര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു യാത്ര പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
പത്ത് മിനിറ്റ് മാത്രം നീണ്ട ദൗത്യം, ഭൂമിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സബ് ഓര്‍ബിറ്റില്‍ ചിലവഴിച്ചതിന് ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ടെക്‌സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍ നിന്നും ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്.