Sunita Williams And Barry Wilmore (Photo: NASA)
ഹൂസ്റ്റൻ (യുഎസ്) : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങി ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികൻ ബച്ച് വിൽമോറും.ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതകചോർച്ചയും 28 ത്രസ്റ്ററുകളിൽ ചിലതിന് തകരാറിലായതുമാണ് ഇരുവരുടെയും മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്.
കുറഞ്ഞത് 14 ത്രസ്റ്ററുകളെങ്കിലും ഉണ്ടെങ്കിലെ മടക്കയാത്ര സാധ്യമാകൂ.പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ കൂടുതൽ സമയം അനുവദിക്കുന്നതിനായി മടക്കയാത്ര നാസ വീണ്ടും മാറ്റിവച്ചതോടെയാണ് സുനിത വില്യംസും വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയത്.
ഈ മാസം അഞ്ചിനാണ് ഇരുവരും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.ഏഴിന് ഇവർ നിലയത്തിലെത്തി.13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു.എന്നാൽ ഇതു വീണ്ടും മുടങ്ങി.ബോയിംഗ് സ്റ്റാർലൈനർ ഭൂമിയിൽ എത്തുന്നതിനുള്ള പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണം 2 തവണ മാറ്റേണ്ടിവന്നു. കന്നി യാത്രയിലും പലതവണ ഇന്ധനമായ ഹീലിയം ചോർന്നു. സ്റ്റാർലൈനറിന്റെ യാത്രാസാധ്യത സംബന്ധിച്ച പഠനമാണ് സുനിതയുടെയും വിൽമോറിന്റെയും പ്രധാന ലക്ഷ്യം.
സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനുള്ള കാലതാമസം
ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ ക്രൂഡ് ദൗത്യത്തിനിടെ കണ്ടെത്തിയ ഹീലിയം ചോർച്ചയാണ് കാലതാമസത്തിന് കാരണം. ബഹിരാകാശയാത്രികരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പുനൽകുന്നതിനായി ബോയിംഗിലെയും നാസയിലെയും എഞ്ചിനീയർമാർ പ്രശ്നം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്.
ബഹിരാകാശ നിലയത്തിലേക്ക് ഡോക്ക് ചെയ്യപ്പെടുമ്പോൾ പേടകം ഭ്രമണപഥത്തിൽ നന്നായി പ്രവർത്തിക്കുന്നുവെന്ന് നാസ റിപ്പോർട്ട് ചെയ്തു.ബഹിരാകാശ യാത്രികരായ വിൽമോറിനും സുനിത വില്യംസിനും ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്യാനും ആവശ്യമെങ്കിൽ ഭൂമിയിലേക്ക് മടങ്ങാനും കഴിയുമെന്നുമാണ് നാസ പറയുന്നത്.
അതെസമയം ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്. എന്നാൽ, അതിന്റെ ആവശ്യം ഇല്ലെന്നാണ് നാസയുടെയും ബോയിങ്ങിന്റെയും നിലപാട്. രാജ്യാന്തര നിലയത്തിലേക്ക് ആളുകളെ കൊണ്ടുപോയി തിരികെയെത്തിച്ചിട്ടുള്ള കമ്പനിയാണ് സ്പേസ് എക്സ്.