/kalakaumudi/media/media_files/2026/01/04/madu-2026-01-04-08-31-41.jpg)
വാഷിങ്ടണ്‍: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കന്‍ പിടിയിലായതിന് പിന്നാലെ, അദ്ദേഹം ഉടന്‍ തന്നെ അമേരിക്കന്‍ മണ്ണില്‍ വിചാരണ നേരിടുമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി വ്യക്തമാക്കി. മഡുറോയ്‌ക്കെതിരെ അമേരിക്കന്‍ കോടതികളില്‍ നിലനില്‍ക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അദ്ദേഹം ഉടന്‍ തന്നെ വിചാരണ നേരിടേണ്ടി വരുമെന്ന് ശനിയാഴ്ച പുലര്‍ച്ചെ സോഷ്യല്‍ മീഡിയയിലൂടെ പാം ബോണ്ടി അറിയിച്ചു. അമേരിക്കന്‍ നീതിപീഠത്തിന്റെ പൂര്‍ണ്ണമായ ക്രോധം മഡുറോ ഉടന്‍ അനുഭവിക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ മുന്നറിയിപ്പ് നല്‍കിയത്.
മയക്കുമരുന്ന് ഭീകരവാദം, കൊക്കെയ്ന്‍ കടത്ത്, വിനാശകരമായ ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങി അമേരിക്കയ്‌ക്കെതിരായ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. 2020-ല്‍ ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയാണ് മഡുറോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ മഡുറോയെ എങ്ങോട്ടാണ് മാറ്റിയതെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭ്യമല്ലെങ്കിലും, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരായ രണ്ട് പേരെ പിടികൂടാന്‍ സാധിച്ചതിനെ വലിയ വിജയമായാണ് അമേരിക്ക കാണുന്നത്. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അമേരിക്കന്‍ സൈന്യത്തിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അറ്റോര്‍ണി ജനറല്‍ നന്ദി രേഖപ്പെടുത്തി. അസാധ്യമെന്ന് കരുതിയ ഒരു ദൗത്യമാണ് യുഎസ് സേന നിര്‍വ്വഹിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ വിദേശനയത്തിലും നിയമവ്യവസ്ഥയിലും വലിയ മാറ്റങ്ങള്‍ കുറിക്കുന്ന ഒന്നായി ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നു. മഡുറോയെ അമേരിക്കന്‍ കോടതിയില്‍ ഹാജരാക്കുന്നതോടെ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന യുഎസ്-വെനിസ്വേല തര്‍ക്കം പുതിയൊരു നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്. വരും മണിക്കൂറുകളില്‍ മഡുറോയെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ചും വിചാരണ നടപടികള്‍ സംബന്ധിച്ചും കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
