/kalakaumudi/media/media_files/2025/04/16/IEffNviAHMe9RbNsApbn.jpg)
ഇംഗ്ലണ്ട്: മ്യൂസിയത്തിൻ്റെ ഓഫീസിൽ നിന്ന് കണ്ടെത്തിയ ഒരു പുസ്തകം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. യുകെയിലെ ഏറ്റവും കുപ്രസിദ്ധ കൊലയാളികളിൽ ഒരാളുടെ തൊലിയിൽ കെട്ടിയിരിക്കുന്ന ഒരു പുസ്തകമാണിത്.
1827-ൽ റെഡ് ബാർൺ കൊലപാതകത്തിൽ മരിയ മാർട്ടനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട വില്യം കോർഡറുടെ തൊലി ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കവറുള്ളതാണ് പുസ്തകം. ഈ പുസ്തകമാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനായി തയ്യാറെടുക്കുന്നത്.
മനുഷ്യന്റെ തോലുകൊണ്ട് പുസ്തകങ്ങളെ ഉണ്ടാക്കുന്ന പ്രക്രിയയ്ക്ക് ആന്ത്രോപോഡെർമിക് ബിബ്ലിയോപെജി എന്നാണ് പറയുന്നത്. ഹൊറിബിള്‍ ഹിസ്റ്ററീസ് എന്ന പുസ്തക സീരീസിന്റെ രചയിതാവ് ടെറി ഡിയറി ഇതിനെ
"അസുഖകരമായ പുരാവസ്തു" എന്ന് വിശേഷിപ്പിച്ചു."ഇവ ഞാൻ കത്തിക്കാൻ ആഗ്രഹിക്കുന്ന രണ്ട് പുസ്തകങ്ങളാണ്." എന്നും ടെറി കൂട്ടിച്ചേര്‍ത്തു. ഹെറിറ്റേജ് ഓഫീസർ ഡാൻ ക്ലാർക്ക് പറഞ്ഞതിങ്ങനെ ''പുസ്തകങ്ങൾക്ക് അവിശ്വസനീയമാം വിധം പ്രധാനപ്പെട്ട, ചരിത്രപരമായ മൂല്യമുണ്ടെന്നും അതിനാല്‍ അവ പ്രദർശിപ്പിക്കുന്നതില്‍ തനിക്ക് ഒരിക്കലും പരാതിയില്ല. ''
ഈ 1827 ലെ കൊലപാതകം അന്നത്തെക്കാലത്ത് ഒരുപാട് ഞെട്ടലുണ്ടാക്കിയ ഒന്നാണ്. അതിനുശേഷം വിവിധ സിനിമകളിലും, പുസ്തകങ്ങളിലും, നാടകങ്ങളിലും, നാടോടി പാട്ടുകളിലും ഇവ പ്രമേയമായി മാറിയിട്ടുണ്ട്. മരിയ മാർട്ടനും വില്യം കോർഡറും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നതായിരുന്നു ഏറ്റവുമധികം പ്രചരിച്ച കഥ. ഒളിച്ചോടിപ്പോകാം എന്ന് മരിയ പറഞ്ഞെങ്കിലും റെഡ് ബാർണിൽ വച്ച് കോർഡർ മിസ് മാർട്ടനെ വെടിവച്ചു കൊന്നു കുഴിച്ചിട്ടു.
ഒടുവിൽ 1828 ഓഗസ്റ്റ് 11-ന് കോർഡറിനെ പിടികൂടി പരസ്യമായി വധിച്ചു. അവൻ്റെ ശരീരം കീറിമുറിക്കുകയും, ചര്‍മ്മത്തിന്റെ ഒരു ഭാഗം ആ കേസിന്റെ വിചാരണ പുസ്തകം കെട്ടാന്‍ ഉപയോഗിക്കുകയും ചെയ്തു. ഈ പുസ്തകം 1933 ൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു.
എന്നാല്‍ ഇപ്പോള്‍ ഇതിനു പുറമെ അയാളുടെ കുടുംബം മ്യൂസിയത്തിനു കൊടുത്ത മറ്റൊരു പുസ്തകം കൂടിയുണ്ടെന്ന് സ്ഥിതീകരണം വന്നു. മ്യൂസിയം സ്റ്റോറുകളിലല്ല, മറിച്ച് ഓഫീസിലെ ഒരു ബുക്ക് ഷെൽഫിൽ ആയിരുന്നു പുസ്തകം ഇരുന്നത്.
പുതിയതായി കണ്ടെത്തിയ പുസ്തകത്തില്‍ ആദ്യത്തെ കോർഡർ ബുക്കിൽ നിന്ന് വ്യത്യസ്തമായി, ചർമ്മം പുസ്തകത്തിൻ്റെ ബൈൻഡിംഗിലും കോണുകളിലും മാത്രമാണ്. എന്തായാലും ഇവ രണ്ടും കൂടി പ്രദര്‍ശനത്തിനു വയ്ക്കാനാണ് അധികാരികളുടെ തീരുമാനം.