/kalakaumudi/media/media_files/2025/01/19/9HJitMQ708Cb8vvEBccW.jpg)
brics
അബുജ:വികസ്വര സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയായ ബ്രിക്‌സിലെ പങ്കാളിയായി പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ. ബ്രസീലാണ് നൈജീരിയയെ ബ്രിക്സിലെ പങ്കാളി രാജ്യമായി പ്രഖ്യാപിച്ചത്. ഇതോടെ ബ്രിക്സിന്റെ ഒമ്പതാമത്തെ പങ്കാളി രാജ്യമായി നൈജീരിയ മാറി. ബെലാറസ്, ബൊളീവിയ, ക്യൂബ, കസാക്കിസ്ഥാന്‍, മലേഷ്യ, തായ്ലന്‍ഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാന്‍ എന്നിവയാണ് നേരത്തെ ബ്രിക്‌സില്‍ പങ്കാളികള്‍ ആയിട്ടുള്ള രാജ്യങ്ങള്‍.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് 2009ല്‍ ബ്രിക്സ് കൂട്ടായ്മ സ്ഥാപിച്ചത്. 2010ല്‍ ദക്ഷിണാഫ്രിക്കയും ഈ കൂട്ടായ്മയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ബ്രിക്സ് ഗ്രൂപ്പ്
ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവയെയും തങ്ങളുടെ കൂട്ടായ്മയില്‍ ചേര്‍ത്തിരുന്നു.
ആഗോള കാര്യങ്ങളില്‍ ആഫ്രിക്കയുടെ പ്രാധാന്യം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തുന്നതില്‍ നൈജീരിയയുടെ ബ്രിക്‌സ് പങ്കാളിത്തം ഗുണകരമാകും എന്നാണ് കരുതപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യമാണ് നൈജീരിയ. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മുന്‍നിര സമ്പദ്വ്യവസ്ഥകളിലൊന്നാണിത്. സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് ബ്രിക്സ് ലക്ഷ്യമിടുന്നത്.