ചൈനീസ് സൈനിക പരേഡില്‍ അതിഥി; തയ്യാറെടുപ്പ് കിമ്മിന്റെ പിന്‍ഗാമിയാകാന്‍

കിം ജു എയ്യുടെ ഉത്തരകൊറിയയ്ക്ക് പുറത്തുള്ള ആദ്യ പൊതുയാത്രയാണിത്. കവചിത ട്രെയിനില്‍ പിതാവിനോടൊപ്പം ആണ് അവര്‍ ചൈനയില്‍ എത്തിയിരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 13 വയസ്സ് പ്രായമാണ് ഈ പെണ്‍കുട്ടിക്ക് ഉള്ളത്.

author-image
Biju
New Update
kim

ബീജിങ് : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകള്‍ ആദ്യമായി ഒരു അന്താരാഷ്ട്ര വേദിയില്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ പരാജയപ്പെടുത്തിയതിന്റെ 80 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൈന നടത്തിയ സൈനിക പരേഡില്‍ ആണ് കിം ജോങ് ഉന്നിന്റെ കൗമാരക്കാരിയായ മകള്‍ കിം ജു എയ് ആദ്യമായി ഒരു അന്താരാഷ്ട്ര പൊതു പരിപാടിയില്‍ പങ്കെടുത്തത്. ഇതോടെ ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരിയും കിമ്മിന്റെ പിന്‍ഗാമിയും മകള്‍ ആയിരിക്കുമെന്ന സൂചന ശക്തിപ്പെടുകയാണ്.

കിം ജു എയ്യുടെ ഉത്തരകൊറിയയ്ക്ക് പുറത്തുള്ള ആദ്യ പൊതുയാത്രയാണിത്. കവചിത ട്രെയിനില്‍ പിതാവിനോടൊപ്പം ആണ് അവര്‍ ചൈനയില്‍ എത്തിയിരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 13 വയസ്സ് പ്രായമാണ് ഈ പെണ്‍കുട്ടിക്ക് ഉള്ളത്. 2022-ല്‍ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ വേളയില്‍ ആണ് ഉത്തരകൊറിയയില്‍ കിമ്മിനൊപ്പം മകള്‍ ഔദ്യോഗികമായി പൊതുജനത്തിനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

ചൈനയുമായും റഷ്യയുമായും ബന്ധം ശക്തിപ്പെടുത്തുന്ന കിം ജോങ് ഉന്നിന്റെ പ്രധാന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായുള്ള ഈ യാത്രയില്‍ മകളും ഒപ്പം ചേര്‍ന്നത് കിമ്മിന്റെ പിന്‍ഗാമി ആരായിരിക്കും എന്നുള്ള സൂചനയാണ് നല്‍കുന്നത്. ഉത്തരകൊറിയയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ നേതാവായി മാറാനുള്ള സാധ്യതയാണ് കിം ജു എയ്ക്ക് മുന്‍പിലുള്ളത്.

kim jong un