/kalakaumudi/media/media_files/2025/09/17/islamic-summit-2025-09-17-12-09-05.jpg)
ദോഹ: ഖത്തറിനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ ദോഹയിൽ ചേർന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവും ഖത്തറിന് പൂർണപിന്തുണയും പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങൾ.
പലസ്തീനുള്ള പിന്തുണക്കും ഉച്ചകോടി വേദിയായി. സഖ്യ രാഷ്ട്രങ്ങളിൽ ഏതു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണവും അറബ് – മുസ്ലിം രാഷ്ട്രങ്ങൾക്ക് നേരെയുള്ള ആക്രമണമായി കരുതുമെന്നും ഉച്ചകോടി വ്യക്തമാക്കി.
ഞായറാഴ്ച അറബ് -ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാർ ദോഹയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലാണ് സമ്മേളിച്ചത്. ഇസ്രായേൽ ആക്രമണത്തിനെതിരെ തയാറാക്കിയ കരടു പ്രമേയമാണ് മന്ത്രിമാർ ചർച്ച ചെയ്തത്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലോടെയാണ് ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ അറബ് -ഇസ്ലാമിക് ഉച്ചകോടി ആരംഭിച്ചത്.
ഉച്ചകോടിയിൽ തീരുമാനമായ 25 പ്രസ്താവനകളാണ് അടിയന്തര ഉച്ചകോടി പുറപ്പെടുവിച്ചത്. വൈകീട്ടോടെ സമാപിച്ച യോഗത്തിനുശേഷം നേതാക്കൾ വാർത്തസമ്മേളനത്തിൽ തീരുമാനങ്ങൾ വിശദീകരിച്ചു.
സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ്, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സയീദ് ആൽ നഹിയാൻ, ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഇറാൻ പ്രസിഡന്റ് മസ്ഉൗദ് പെഷഷ്കിയാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ് എന്നിവരടക്കം 50ലധികം രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ജി.സി.സി രാജ്യങ്ങൾക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങൾ, ഒ.ഐ.സി രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
ഖത്തറിനെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണവും വംശഹത്യ, ഉന്മൂലനം, പട്ടിണിക്കിടൽ, ഉപരോധം, കുടിയേറ്റ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇസ്രായേലിൻറെ തുടർച്ചയായ ആക്രമണങ്ങളും മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും സമാധാനത്തിനുമുള്ള സാധ്യതകളെ തുരങ്കംവെക്കുന്നതാണെന്ന് ഉച്ചകോടി വ്യക്തമാക്കി.
ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണതത്തെ ഉച്ചകോടി ശക്തമായി അപലപിച്ചു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ചർച്ച സംഘത്തിന് ഒരുക്കിയ താമസ സൗകര്യങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
നിരവധി സ്കൂളുകൾ, നഴ്സറികൾ, നയതന്ത്ര മിഷനുകൾ എന്നിവയുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തെ നേരിടുന്നതിൽ ഖത്തർ സ്വീകരിച്ച വിവേകപൂർണമായ നിലപാടിനെ ഉച്ചകോടി പ്രശംസിച്ചു.
ഖത്തറിൻറെ മധ്യസ്ഥത ശ്രമങ്ങൾക്ക് പിന്തുണ
ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കാൻ ഖത്തർ, ഈജിപ്ത്, യു.എസ് രാജ്യങ്ങൾ വഹിക്കുന്ന മധ്യസ്ഥത ശ്രമങ്ങളെ ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങൾ.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ, പ്രത്യേകിച്ച് വികസ്വര -ദരിദ്ര രാജ്യങ്ങളിലെ വിദ്യാഭ്യാസ -വികസന മേഖലകളിൽ ഖത്തർ നടത്തുന്ന ഇടപെടലുകളെയും മാനുഷിക സഹായങ്ങളെയും അഭിനന്ദിച്ചു.
ആക്രമണം മധ്യസ്ഥ ശ്രമങ്ങളെ ദുർബലപ്പെടുത്താനും ഗാസയിലെ ആക്രമണവും അധിനിവേശവും തുടരാനും ലക്ഷ്യമിട്ടുള്ളതാണ്.
ആക്രമണത്തെ ന്യായീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നതായും ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും ഉച്ചകോടിയിൽ വിലയിരുത്തി.
അൽഅഖ്സ മസ്ജിദ് സംരക്ഷണം
ജറൂസലേമിലെ ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളുടെ സംരക്ഷണച്ചുമതല ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈന് ചരിത്രപരമായി നൽകിയിട്ടുള്ളതാണ്.
ജോർദാൻ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ജറൂസലം ഔഖാഫ് ആൻഡ് അൽഅഖ്സ മോസ്ക് അഫയേഴ്സ് ഡിപ്പാർട്മെന്റാണ് അൽഅഖ്സ പള്ളിയുടെ ഭരണം, പരിപാലനം, പ്രവേശനം എന്നിവയുടെ ചുമതലയുള്ള ഏക നിയമപരമായ അതോറിറ്റി എന്നും ഉച്ചകോടി വ്യക്തമാക്കി.
പൊതുവായ വെല്ലുവിളികളെയും ഭീഷണികളെയും നേരിടാൻ ഐക്യത്തിൻറെയും പൊതു സംവിധാനങ്ങളുടെ ആവശ്യകതയും പ്രാധാന്യവും ഉച്ചകോടി വ്യക്തമാക്കുന്നു.
എല്ലാ അറബ് രാജ്യങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെയും 1967 അതിർത്തികളെ അടിസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെയും മധ്യപൂർവേഷ്യയെ ആണവായുധങ്ങളിൽ നിന്ന് മുക്തമാക്കേണ്ടതിന്റെയും ആവശ്യകതയും അടിവരയിടുന്നു.
അറബ് ലീഗിന്റെ മന്ത്രിതല സമിതി അംഗീകരിച്ച 'മേഖലയിലെ സുരക്ഷക്കും സഹകരണത്തിനുമുള്ള പൊതുവായ കാഴ്ചപ്പാട്' എന്ന പ്രമേയത്തെ ഉച്ചകോടി സ്വാഗതം ചെയ്തു. മേഖലയിലെ രാജ്യങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ എന്നിവയെല്ലാം അന്താരാഷ്ട്ര നിയമത്തിന്റെയും പരമാധികാരത്തിന്റെ ലംഘനങ്ങളാണ്.
മിഡിൽ ഈസ്റ്റിൽ സമഗ്രവും ശാശ്വതവുമായ സമാധാനം പലസ്തീൻ വിഷയത്തെ അവഗണച്ചോ അവരുടെ അവകാശങ്ങളെ അവഗണിച്ചോ അക്രമത്തിലൂടെയോ നേടാൻ കഴിയില്ലെന്ന് ഉച്ചകോടി ആവർത്തിച്ചു.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിന് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും പ്രത്യേകിച്ച് സുരക്ഷാ കൗൺസിലിനോടും ഉച്ചകോടി ആവശ്യപ്പെട്ടു.