/kalakaumudi/media/media_files/2025/09/29/bishnoy-2025-09-29-20-56-31.jpg)
ഒട്ടാവ: ലോറന്‍സ് ബിഷ്ണോയി സംഘത്തെ ഭീകരരായി പ്രഖ്യാപിച്ച് കാനഡ. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, ആയുധ-മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും കുപ്രസിദ്ധി നേടിയ സംഘമാണ് ബിഷ്ണോയ് ഗ്യാങ്. പൊതുസുരക്ഷാ മന്ത്രി ഗൗരി ആനന്ദസംഗരിയാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ഈ നടപടിയെ കുറിച്ച് വ്യക്തമാക്കിയത്.
കാനഡയില്‍ അക്രമത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാനമില്ല. പ്രത്യേകിച്ച് ,പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഭയത്തിന്റെയും ഭയപ്പെടുത്തലിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നവയ്ക്ക്, അതുകൊണ്ടാണ് കാനഡ സര്‍ക്കാര്‍ ബിഷ്ണോയി സംഘത്തെ ക്രമിനല്‍ കോഡിന് കീഴില്‍ ഒരു തീവ്രവാദസംഘടനയായി പട്ടികപ്പെടുത്തിയതെന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭീകരസംഘടനയായി പ്രഖ്യാപിച്ചതോടെ കനേഡിയന്‍ ഭരണകൂടത്തിന് കാനഡയിലെ ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട ഏതൊരു സ്വത്തുക്കളും മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ സാധിക്കും.ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ഗുണ്ടാസംഘാംഗങ്ങളെ പിന്തുടരാനും വിചാരണ ചെയ്യാനും നിയമപാലകര്‍ക്ക് ഇത് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നു.
കനേഡിയന്‍ നിയമപ്രകാരം, ലിസ്റ്റുചെയ്തിരിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പിന് അറിഞ്ഞുകൊണ്ട് സ്വത്തോ സാമ്പത്തിക സഹായമോ നല്‍കുന്നതോ അവരുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നതോ ക്രിമിനല്‍ കുറ്റമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
