/kalakaumudi/media/media_files/2024/11/22/QLD0L89DpLRwB1aL9BnL.jpg)
രാജ്യത്ത് എത്തിയാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കാനഡ. നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പാലിക്കുമെന്ന് കാനഡ അറിയിച്ചു. രാജ്യാന്തര നിയമത്തിന് വേണ്ടി നിലകൊള്ളുമെന്നും രാജ്യാന്തര കോടതിയുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.
രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം യുകെയില്‍ എത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. ആഭ്യന്തര നിയമവും രാജ്യാന്തര നിയമവും അനുസരിച്ച് യുകെ എല്ലായ്‌പ്പോഴും അതിന്റെ നിയമപരമായ ബാധ്യതകള്‍ പാലിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വക്താവ് അറിയിച്ചത്.
2023 ഒക്‌ടോബര്‍ 7ന് നടന്ന ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായത്. ഒരു വര്‍ഷത്തിലേറെയായി ഈ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ചെയ്ത യുദ്ധക്കുറ്റങ്ങള്‍ക്ക് നെതന്യാഹുവിനും ഇസ്രായേല്‍ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.