കാര്‍ലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു; മില്ലെനിയല്‍ കാലത്ത് ജനിച്ച ആദ്യ വിശുദ്ധന്‍

ജീന്‍സും ഷര്‍ട്ടും നൈക്കി ഷൂസുമിട്ട അക്യുട്ടിസിന്റെ ഭൗതികദേഹം അസീസിയില്‍ ചില്ലുശവകുടീരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പദവിയിലേക്ക് അക്യുട്ടിസിനെ ഉയര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി മെയില്‍ തീരുമാനിച്ചിരുന്നു.

author-image
Biju
New Update
vishudhan

വത്തിക്കാന്‍ സിറ്റി: ഓണ്‍ലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച 'ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍' എന്നറിയപ്പെടുന്ന കാര്‍ലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ലിയോ പതിനാലാമന്‍ മാര്‍പാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇതോടെ മില്ലെനിയല്‍ കാലത്ത് (1981-96) ജനിച്ച ആദ്യ വിശുദ്ധനാകും കാര്‍ലോ. 1925-ല്‍ അന്തരിച്ച ഇറ്റാലിയന്‍ പര്‍വതാരോഹകന്‍ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയെ പര്‍വതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു.

ഇറ്റാലിയന്‍ ദമ്പതിമാരുടെ മകനായി ലണ്ടനില്‍ ജനിച്ച അക്യുട്ടിസ് മിലാനിലാണ് വളര്‍ന്നത്. സ്വയം കമ്പ്യൂട്ടര്‍ കോഡിങ് പഠിച്ചു.പതിനൊന്നാംവയസ്സില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്‌സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. 'സൈബര്‍ അപ്പസ്‌തോലന്‍' എന്നാണ് അക്യുട്ടിസിനെ വിശേഷിപ്പിക്കുന്നത്. 2006-ല്‍ പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദത്തെത്തുടര്‍ന്നാണ് അക്യുട്ടിസ് അന്തരിച്ചത്.

ജീന്‍സും ഷര്‍ട്ടും നൈക്കി ഷൂസുമിട്ട അക്യുട്ടിസിന്റെ ഭൗതികദേഹം അസീസിയില്‍ ചില്ലുശവകുടീരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പദവിയിലേക്ക് അക്യുട്ടിസിനെ ഉയര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി മെയില്‍ തീരുമാനിച്ചിരുന്നു. 2020 ഒക്ടോബര്‍ 10-നാണ് അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

തന്റെ മകന്റെ ജീവിതവും വിശ്വാസവും ഒരു തലമുറയിലെ യുവാക്കള്‍ക്ക്, പ്രത്യേകിച്ച് ഡിജിറ്റല്‍ ലോകത്തിന്റെ സങ്കീര്‍ണ്ണതകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്, സ്വീകാര്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് അക്യുട്ടിസിന്റെ അമ്മ അന്റോണിയ സല്‍സാനോ പറഞ്ഞു. ഒരു സാധാരണ ജീവിതമായിരുന്നു മകന്‍ നയിച്ചിരുന്നത്. കായിക വിനോദങ്ങള്‍ ആസ്വദിക്കുന്ന നല്ല നര്‍മ്മബോധമുള്ള കുട്ടിയായിരുന്നു. പ്രത്യേകിച്ച് മതവിശ്വാസമുള്ള ഒരു കുടുംബത്തിലല്ല മകന്‍ വളര്‍ന്നത്. എന്നാല്‍ മകന്‍ ചെറുപ്പം മുതലേ അവന്റെ വിശ്വാസം വ്യക്തമാക്കിയിരുന്നു. മിലാനിലെ ഭവനരഹിതരെ സഹായിക്കാനും സഹപാഠികളെ പിന്തുണയ്ക്കാനും അവന്‍ തന്റെ പോക്കറ്റ് മണി ഉപയോഗിക്കുമായിരുന്നുവെന്നും അമ്മ വ്യക്തമാക്കി.