ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ട് കൃത്യം ഒരാഴ്ച തികഞ്ഞിരിക്കുന്നു.അതിനിടെ,ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.വടക്കന്‍ ഗസയിലെ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിച്ച പലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രയേല്‍ സേന വെടിയുതിര്‍ത്തത്. വടക്കന്‍ ഗസയിലേക്ക് തിരിച്ചുവരാനായി ആയിരക്കണക്കിന് പലസ്തീനികളാണ് അല്‍ റാഷിദ് സ്ട്രീറ്റില്‍ കാത്തിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇസ്രയേലും ഹമാസും തമ്മിലുള്ള വെടി നിര്‍ത്തല്‍ കരാര്‍ പ്രകാരം വടക്കന്‍ ഗാസ മുനമ്പിലേക്ക് ആയിരക്കണക്കിന് ആളുകള്‍ മടങ്ങാനിരിക്കെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. വെടിവയ്പ്പില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച മുതല്‍ ഇസ്രയേല്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ 12 പലസ്തീനികള്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം അറിയിച്ചിരുന്നു. ഗാസയില്‍ ആക്രമണം തുടരാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം.ഹമാസുമായുള്ള രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയമായാല്‍ ആക്രമണം പുനരാരംഭിക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു.15 മാസത്തില്‍ 47,000 ഗാസ നിവാസികളെ കൊന്നൊടുക്കിയ ആക്രമണത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് താല്‍ക്കാലിക വിരാമമായത്.
ആറാഴ്ച നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന്റെ പതിനാറാം ദിനമായ ഫെബ്രുവരി നാലിന് രണ്ടാംഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ആക്രമണം.അതിനിടെ,ഗാസയില്‍ കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയില്‍ ഉറ്റവരെ തിരയുന്നത് തുടരുകയാണ് ജനങ്ങള്‍. ഇതുവരെ 122 മൃതദേഹങ്ങള്‍ കണ്ടെടുത്തു.പരിക്കേറ്റ 306 പേരെയും ആശുപത്രിയില്‍ എത്തിച്ചു.റാഫയില്‍ ഇസ്രയേല്‍ ടാങ്കില്‍ നിന്നുള്ള ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.ലബനനെതിരെയുള്ള ആക്രമണവും ഇസ്രയേല്‍ തുടരുകയാണ്.തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള പതാകയുമായി എത്തിയ താമസക്കാര്‍ക്ക് നേരെയാണ് ഇസ്രയേല്‍ സൈനികര്‍ വെടിയുതിര്‍ത്തത്.ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിക്ക് സമീപമായിരുന്നു ആക്രമണം. ആക്രമണത്തില്‍ 31 പേര്‍ക്കെങ്കിലും പരിക്കേറ്റതായി ലബനീസ് ആരോഗ്യമന്ത്രാലയം പറയുന്നു.ഇസ്രയേല്‍ സേനയുടെ സാന്നിധ്യം വകവയ്ക്കാതെ താമസക്കാര്‍ വീടുകളിലേക്ക് മടങ്ങുന്നതിനാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിനില്‍ക്കുന്നുണ്ടായിരുന്നു.ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഞായറാഴ്ചയോടെ സൈന്യം പിന്‍വാങ്ങാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്ന ഇസ്രയേല്‍ സൈന്യം അവിടെത്തന്നെ തുടരുകയായിരുന്നു.