നൂറ്റാണ്ടിന്റെ ഇതിഹാസം ക്വിന്‍സി ജോണ്‍സ് ഇനി സംഗീതസ്വാദകരിലൂടെ ജീവിക്കും

പാശ്ചാത്യ സംഗീതത്തിന്റെ അലയൊലി ആഗോള തലത്തിലെത്തിച്ച ഇതിഹാസ സംഗീതജ്ഞന്‍ ക്വിന്‍സി ജോണ്‍സ് വിട പറയുമ്പോള്‍ അവസാനിക്കുന്നത് ഒരു സംഗീതയുഗം കൂടിയാണ്.

author-image
Prana
New Update
quincy with jackson

ക്വിന്‍സി ജോണ്‍സ് മൈക്കല്‍ ജാക്‌സനൊപ്പം

പാശ്ചാത്യ സംഗീതത്തിന്റെ അലയൊലി ആഗോള തലത്തിലെത്തിച്ച ഇതിഹാസ സംഗീതജ്ഞന്‍ ക്വിന്‍സി ജോണ്‍സ് വിട പറയുമ്പോള്‍ അവസാനിക്കുന്നത് ഒരു സംഗീതയുഗം കൂടിയാണ്. അതിസുന്ദരവും ലളിതവുമായ ട്യൂണുകള്‍ കൊണ്ട് ലോകത്തെ ത്രസിപ്പിച്ച ക്വിന്‍സിയെ ക്യു എന്ന ഒറ്റ അക്ഷരം കൊണ്ടാണ് ആസ്വാദലോകം വിളിച്ചിരുന്നത്. 71 വര്‍ഷം നീണ്ട നിന്ന സംഗീത യാത്രയില്‍ സംഗീത സംവിധായകന്‍, മ്യൂസിക് പ്രൊഡ്യൂസര്‍, ഗാനരചിതാവ് ഇങ്ങനെ പല വിശേഷണങ്ങള്‍ സ്വന്തമാക്കി. നൂറ്റാണ്ടിന്റെ കലാകാരനെന്ന് അറിയപ്പെടുന്ന മൈക്കള്‍ ജാക്‌സന്റെ എക്കാലത്തെയും ഹിറ്റായ ത്രില്ലര്‍ എന്ന ആല്‍ബമാണ് ക്വിന്‍സിയുടെ സുപ്രധാന സംഭാവനകളിലൊന്ന്.ആ ആല്‍ബമിന്നും അമേരിക്കന്‍ വിപണിയില്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. ത്രില്ലര്‍ സ്വന്തമാക്കിയവരുടെ എണ്ണം മുപ്പത് മില്യണെന്ന വലിയ നാഴികക്കല്ല് കടന്നിട്ട് കാലങ്ങളായി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം. ലോകമൊട്ടുക്ക് ഈ ആല്‍ബത്തിന്റെ 100 മില്യണ്‍ കോപ്പികളാണ് വിറ്റഴിഞ്ഞത്. 1982ലാണ് ഏഴ് പാട്ടുകളുള്ള ത്രില്ലര്‍ പുറത്തിറങ്ങിയത്. രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ 20 മില്യണ്‍ ഈ ആല്‍ബം സ്വന്തമാക്കിക്കഴിഞ്ഞു. റെക്കോര്‍ഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കണക്കുകള്‍ പ്രകാരമാണിത്. അസോസിയേഷന്റെ 63 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഒപ്പം ലോകമെമ്പാടുമുള്ള ആസ്വാദകഹൃദയത്തിലേക്ക് കുടിയേറിയ  ജാക്‌സന്റെ തന്നെ ബാഡ്, ഓഫി ദി വാള്‍ എന്നീ ആല്‍ബങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ജാക്സന്റെ കരിയറിലെ വന്‍ ഹിറ്റുകളായ നിര്‍മ്മാതാക്കളില്‍ ഒരാളെന്ന ഖ്യാതിയും ക്വിന്‍സിയ്ക്ക് സ്വന്തമാണ്. റൂട്ട്‌സ്, ഹീറ്റ് ഓഫ് ദ നൈറ്റ്, വീ ആര്‍ ദ വേള്‍ഡ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രശസ്തമായ സൃഷ്ടികള്‍.
കൗണ്ട് ബെയ്‌സി,് ഫ്രാങ്ക് സിനാട്ര പോലുള്ള പോപ്, ജാസ് സംഗീത ലോകത്തെ മികച്ച കലാകാരന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം 28 ഗ്രാമി പുരസ്‌കാരങ്ങളാണ് സ്വന്തം പേരില്‍ കുറിച്ചിട്ടത്്. കരിയറില്‍ 80 തവണ ഗ്രാമി പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടു. ബാക്ക് ഓണ്‍ ദി ബ്ലോക്ക് എന്ന ആല്‍ബത്തിലൂടെ 1990 ആറ് ഗ്രാമി അവാര്‍ഡുകള്‍  നേടിയിരുന്നു.  മൂന്ന് തവണ പ്രൊഡ്യൂസര്‍ ഓഫ് ദി ഇയര്‍ ബഹുമതിയും.  ദി ഇറ്റാലിയന്‍ ജോബിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയത് ക്വിന്‍സി ജോണ്‍സ് ആയിരുന്നു. ഓസ്‌കാര്‍ നേടിയ ഇന്‍ ദ ഹീറ്റ് ഓഫ് ദ നൈറ്റിലും അദ്ദേഹമാണ് സ്‌കോര്‍ ഒരുക്കിയത്. 7 ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുള്ള ക്വിന്‍സി ഏറ്റവും കൂടുതല്‍ തവണ ഓസ്‌കാറിനു നിര്‍ദ്ദേശിക്കപ്പെട്ട ആഫ്രിക്കന്‍ വംശജരിലൊരാളാണ്. 20ാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ജാസ് സംഗീതജ്ഞന്‍ എന്ന് ടൈം മാഗസിന്‍ ക്വിന്‍സിയെ വിശേഷിപ്പിച്ചു. 50 ഓളം സിനിമകള്‍ക്കും ടെലിവിഷന്‍ പരമ്പരകള്‍ക്കും സംഗീതമൊരുക്കിയിട്ടുണ്ട്.ക്വിന്‍സിനെ കാലം കവര്‍ന്നുവെങ്കിലും ആ സംഗീതം ഇനിയും മനസുകളെ കീഴടക്കുക തന്നെ ചെയ്യും.

musician producer music