ബെയ്ജിങ്ങ്: ചൈന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിര്‍മ്മാണത്തിലൂടെ ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നു. ചൈന ഇതിനായി അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ടിബറ്റന്‍ പീഠഭൂമിയുടെ കിഴക്കന്‍ അറ്റത്ത് അണക്കെട്ട് നിര്‍മ്മിക്കാനാണ് ചൈനയുടെ ലക്ഷ്യം. ഈ അണക്കെട്ട് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുമെന്ന ആശങ്കയും ഇതിനോടകം ഉയരുന്നുണ്ട്.
യാര്‍ലുങ് സാങ്പോ നദി ഒഴുകുന്ന താഴ്ന്ന പ്രദേശത്ത് അണക്കെട്ട് നിര്‍മ്മിക്കാനാണ് ചൈനയുടെ പദ്ധതി. യാര്‍ലുങ് സാങ്പോ ഇന്ത്യയില്‍ ബ്രഹ്മപുത്ര നദി എന്ന പേരിലാണ് അറിയപ്പെടുന്നത്.ഈ അണക്കെട്ട് യാഥാര്‍ഥ്യമാകുന്നതോടെ പ്രതിവര്‍ഷം 30,000 കോടി kwh വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈനയുടെ അനുമാനം.മധ്യ ചൈനയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോര്‍ജസ് അണക്കെട്ടിന്റെ 8820 കോടി കിലോവാട്ട് ശേഷിയുടെ മൂന്നിരട്ടിയിലധികം ആണ് പുതിയ അണക്കെട്ടിന്റെ ഉത്‌പാദനശേഷി.
പുതിയ അണക്കെട്ട് യാഥാർഥ്യമാകുന്നതോടെ ചൈനയുടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുമെന്നാണ് കരുതുന്നത് കൂടാതെ എന്‍ജിനീയറിങ് പോലുള്ള അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുമെന്നും ടിബറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
യാര്‍ലുങ് സാങ്പോയുടെ ഒരു ഭാഗം 2,000 മീറ്റര്‍ (6,561 അടി) ഉയരത്തില്‍ നിന്നാണ് താഴേക്ക് പതിക്കുന്നത്. ഇത് വലിയ ജലവൈദ്യുത സാധ്യതകളും എന്‍ജിനീയറിങ് വെല്ലുവിളികളും വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അണക്കെട്ട് നിര്‍മ്മിക്കുന്നതിന് ഏകദേശം 3483 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി 14 ലക്ഷം ആളുകളെ പുനരധിവസിപ്പിക്കേണ്ടതായി വരും. അതേസമയം അണക്കെട്ടിനെക്കുറിച്ച് ഇന്ത്യയും ബംഗ്ലാദേശും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രാദേശിക പരിസ്ഥിതിയെ മാത്രമല്ല, താഴെയുള്ള നദിയുടെ ഒഴുക്കിനെയും ഗതിയെയും മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയെയും ബംഗ്ലാദേശിനെയും ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
യാര്‍ലുങ് സാങ്പോ ടിബറ്റില്‍ നിന്ന് തെക്കോട്ട് ഒഴുകി ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, അസം സംസ്ഥാനങ്ങളിലൂടെ കടന്ന് ഒടുവില്‍ ബംഗ്ലാദേശില്‍ എത്തുന്നു.