/kalakaumudi/media/media_files/2025/10/19/dn-2025-10-19-14-04-40.jpg)
വാഷിങ്ടണ്‍: ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്താന്‍ ആഹ്വാനം ചെയ്തുള്ള സമൂഹമാധ്യമ പോസ്റ്റുകളുമായി യുഎസില്‍ കോളിളക്കം സൃഷ്ടിച്ച് ഫ്‌ലോറിഡ സംസ്ഥാനത്തെ കൗണ്‍സിലര്‍മാരില്‍ ഒരാളായ ചാന്‍ഡ്‌ലര്‍ ലാംഗെവിന്‍. വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് പാം ബേ സിറ്റി കൗണ്‍സില്‍ ശനിയാഴ്ച ലാംഗെവിനെ 3-2 വോട്ടിനു താക്കീത് ചെയ്തു.
വിവാദങ്ങളെത്തുടര്‍ന്ന് പോസ്റ്റുകളില്‍ ഒരെണ്ണം ലാംഗെവിന്‍ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ, ഇതുവരെ മാപ്പ് പറയാന്‍ തയാറായില്ലെന്നു മാത്രമല്ല, തന്റെ നടപടികള്‍ ശരിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലാംഗെവിന്‍. പോസ്റ്റുകള്‍ വിവാദമായതിനു പിന്നാലെ ലാംഗെവിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അദ്ദേഹം പദവി രാജിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
താക്കീതു ചെയ്തതോടെ ഇനി ഏതെങ്കിലും കാര്യങ്ങള്‍ കൗണ്‍സിലിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്‍പ് ലാംഗെവിന്‍ സമവായം നേടിയെടുക്കണമെന്നും ഇല്ലെങ്കില്‍ സിറ്റി കൗണ്‍സിലില്‍ അവതരിപ്പിക്കാനാകില്ലെന്നുമാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ, കൗണ്‍സിലിലെ അഭിപ്രായ പ്രകടനങ്ങളില്‍നിന്ന് ലാംഗെവിനെ വിലക്കുകയും കമ്മിറ്റികളില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ് ലാംഗെവിന്‍.
ലാംഗെവിന്‍ പറഞ്ഞതെന്ത്?''അമേരിക്കയെക്കുറിച്ച് കരുതലുള്ള ഒരു ഇന്ത്യക്കാരനുമില്ല. അവര്‍ നമ്മളെ സാമ്പത്തികമായി ചൂഷണം ചെയ്യാനും ഇന്ത്യയെയും ഇന്ത്യക്കാരെയും സമ്പന്നരാക്കാനുമാണ് ഇവിടെയുള്ളത്. അമേരിക്ക അമേരിക്കക്കാര്‍ക്കു വേണ്ടിയുള്ളതാണ്'' പിന്നീട് ഡിലീറ്റ് ചെയ്ത പോസ്റ്റുകളില്‍ ഒന്നില്‍ ലാംഗെവിന്‍ കുറിച്ചു. അതേസമയം, തന്റെ പരാമര്‍ശങ്ങള്‍ താല്‍ക്കാലിക വീസയുള്ളവരെക്കുറിച്ചാണ്, അല്ലാതെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെക്കുറിച്ചല്ലെന്ന് ലാംഗെവിന്‍ പിന്നീട് വിശദീകരിച്ചു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ഇത്.
ഒക്ടോബര്‍ 2 ന് പങ്കുവച്ച ഒരു പോസ്റ്റില്‍, ''ഇന്ന് എന്റെ പിറന്നാളാണ്. ഡോണള്‍ഡ് ട്രംപ് യുഎസിലെ എല്ലാ ഇന്ത്യക്കാരുടെയും വീസ പിന്‍വലിച്ച് അവരെ ഉടനടി നാടുകടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അമേരിക്ക അമേരിക്കക്കാര്‍ക്കു വേണ്ടിയുള്ളതാണ്'' എന്ന് ലാംഗെവിന്‍ കുറിച്ചിരുന്നു. മറ്റൊരു പോസ്റ്റില്‍, ഫ്‌ലോറിഡ ടേണ്‍പൈക്കില്‍ യു-ടേണ്‍ എടുത്തതിനെത്തുടര്‍ന്നു മൂന്നുപേരുടെ മരണത്തിനു കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യക്കാരനായ ഹര്‍ജിന്ദര്‍ സിങ് ഉള്‍പ്പെട്ട സ്റ്റോക്ക്ടണ്‍ അപകടത്തെക്കുറിച്ചുള്ള പോസ്റ്റിനു മറുപടിയായി, ഇന്ത്യക്കാര്‍ 'അമേരിക്കയെ ചൂഷണം ചെയ്യുന്നു' എന്നും ലാംഗെവിന്‍ ആരോപിക്കുന്നു.
മറ്റൊരു സന്ദര്‍ഭത്തില്‍, യുഎസിലെ ഇന്ത്യക്കാര്‍ അമേരിക്കക്കാരുടെ 'പണം ഊറ്റിയെടുക്കാന്‍' മാത്രമാണ് ഇവിടെയുള്ളതെന്ന് ലാംഗെവിന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ''ഇന്ത്യക്കാര്‍ക്ക് ഇവിടുത്തെ സംസ്‌കാരവുമായി ചേരാന്‍ കഴിയില്ല. അവര്‍ നമ്മുടെ പണം ഊറ്റിയെടുത്ത് സമ്പന്നരായി ഇന്ത്യയിലേക്കു മടങ്ങാന്‍... അല്ലെങ്കില്‍ അതിലും മോശമായി... ഇവിടെ തുടരാന്‍ വേണ്ടിയാണ് ഇവിടെയുള്ളത്,'' ലാംഗെവിന്‍ പറഞ്ഞു.
ഒക്ടോബര്‍ 18 ലെ ഏറ്റവും പുതിയ പോസ്റ്റില്‍, കൂട്ടത്തോടെയുള്ള നാടുകടത്തല്‍ നിലപാടുകളോടു യോജിക്കുന്ന യുഎസിലെ യാഥാസ്ഥിതികരായ ഹിന്ദുക്കളുടെയും ഇന്ത്യക്കാരുടെയും നിലപാടിനെക്കുറിച്ചും ലാംഗെവിന്‍ പരാമര്‍ശിക്കുന്നുണ്ട്. ''നിങ്ങളില്‍ ചിലര്‍ക്ക് ഇതിനോടു യോജിക്കാന്‍ കഴിഞ്ഞെന്നു വരില്ല, അതു സാരമില്ല, പക്ഷേ, കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ ഫ്‌ലോറിഡ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ച് യാഥാസ്ഥിതിക ഹിന്ദു ഗ്രൂപ്പുകളുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള വന്‍തോതിലുള്ള കുടിയേറ്റം അമേരിക്കയെ വേദനിപ്പിക്കുന്നുണ്ടെന്നു പലരും തിരിച്ചറിഞ്ഞു വരുന്നു, അവര്‍ അമേരിക്കയെ രക്ഷിക്കാന്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കാന്‍ തയാറാണ്'' ലാംഗെവിന്‍ കുറിച്ചു.
ഇസ്ലാമിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍, ലഹരിമരുന്ന് കാര്‍ട്ടലുകള്‍, അമേരിക്കക്കാരുടെ ജോലി മോഷ്ടിക്കുന്ന കരാര്‍ തൊഴിലാളികള്‍ എന്നിവരെക്കാള്‍ കുറച്ച് 'ശശിമാരെ' രക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശശി കുസുമ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ട് പങ്കുവച്ച് ലാംഗെവിന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം പോസ്റ്റ് പങ്കുവയ്ക്കുന്ന ആദ്യ റിപ്പബ്ലിക്കനല്ല താനെന്നും ലാംഗെവിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സ്ഥാനം രാജിവയ്ക്കില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ തന്നെ പിന്തുണച്ചു രംഗത്തെത്തണമെന്നും ലാംഗെവിന്‍ ആഹ്വാനം ചെയ്തു.
വിവാദത്തെത്തുടര്‍ന്ന് സിറ്റി കൗണ്‍സില്‍ നടത്തിയ താക്കീത് നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ലാംഗെവിന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, ഈ രാജ്യം കുടിയേറ്റക്കാര്‍ സ്ഥാപിച്ചതാണെന്ന് പാം ബേ മേയര്‍ റോബ് മെഡിന പ്രതികരിച്ചു.