ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം അവസരമാക്കി, ചൈന ആയുധ വില്‍പ്പന വര്‍ധിപ്പിക്കാന്‍ നോക്കിയെന്ന് യുഎസ്

നാലുദിവസത്തോളം നീണ്ട ഓപ്പറേഷന്‍ സിന്ദൂറിനെ തത്സമയ പരീക്ഷണമായിട്ടാണ് ചൈന കണക്കാക്കിയത് എന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് ആയുധങ്ങള്‍ ഒരു സജീവ പോരാട്ടത്തില്‍ വിന്യസിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. ഈ അവസരം ചൈന വിദഗ്ധമായി മുതലാക്കി.

author-image
Biju
New Update
trump

വാഷിങ്ടണ്‍: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം ചൈന അവസരമാക്കി മാറ്റിയതായി യുഎസ് കോണ്‍ഗ്രസിന്റെ പാനല്‍ റിപ്പോര്‍ട്ട്. തങ്ങള്‍ വികസിപ്പിച്ച ആയുധങ്ങളുടെ മേന്മ എത്രത്തോളമുണ്ടെന്ന് കാണിക്കാനുള്ള തന്ത്രങ്ങള്‍ സംഘര്‍ഷ സമയത്ത് ചൈന നടപ്പിലാക്കിയെന്നാണ് യുഎസ് കോണ്‍ഗ്രസ് പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ് - ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 

നാലുദിവസത്തോളം നീണ്ട ഓപ്പറേഷന്‍ സിന്ദൂറിനെ തത്സമയ പരീക്ഷണമായിട്ടാണ് ചൈന കണക്കാക്കിയത് എന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് ആയുധങ്ങള്‍ ഒരു സജീവ പോരാട്ടത്തില്‍ വിന്യസിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. ഈ അവസരം ചൈന വിദഗ്ധമായി മുതലാക്കി. HQ-9 എയര്‍ ഡിഫന്‍സ് സിസ്റ്റം, PL-15 എയര്‍-ടു-എയര്‍ മിസൈലുകള്‍, J-10 യുദ്ധവിമാനങ്ങള്‍ എന്നിവയെ ആഗോളതലത്തില്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള അവസരം ഇതിലൂടെ ചൈനയ്ക്ക് ലഭിച്ചു. സൈനിക നടപടിയുണ്ടാകുമ്പോള്‍ തങ്ങളുടെ ആയുധങ്ങളുടെ പ്രകടനം എങ്ങനെയാകുമെന്നതിന്റെ വിവരങ്ങളും ചൈനയ്ക്ക് ഇതിലൂടെ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘര്‍ഷത്തിനു ശേഷം ചൈന തങ്ങളുടെ ആയുധ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ക്കും തുടക്കമിട്ടു. ഫ്രഞ്ച് റഫാല്‍ യുദ്ധവിമാനത്തിന്റെ വില്‍പ്പനയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വ്യാജ പ്രചാരണങ്ങളും നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ഫ്രഞ്ച് ഇന്റലിജന്‍സും നേരത്തെ കണ്ടെത്തിയിരുന്നു. ചൈനീസ് നിര്‍മിത ജെ-35 യുദ്ധവിമാനങ്ങളുടെ ആഗോള വില്‍പ്പന വര്‍ധിപ്പിക്കാനായാണ് ഇത്തരമൊരു നീക്കം നടത്തിയത്.