/kalakaumudi/media/media_files/2025/10/18/china-2025-10-18-13-28-45.jpg)
ബെയ്ജിങ്: ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടിയുമായി ചൈന. കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിബി അംഗം അടക്കം 9 മുതിര്‍ന്ന സൈനിക മേധാവിമാരെ പുറത്താക്കി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഈ ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ വിശ്വസ്തരടക്കമുള്ളവരെയാണ് സൈന്യത്തില്‍ നിന്നും പുറത്താക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചര്‍ച്ച ചെയ്യാനും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനും ചേരുന്ന സെന്‍ട്രല്‍ കമ്മിറ്റി പ്ലീനത്തിന് തൊട്ടുമുമ്പാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് പുറത്താക്കല്‍ എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചെങ്കിലും, നടപടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് വിലയിരുത്തല്‍. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ (സി.എം.സി.) വൈസ് ചെയര്‍മാന്‍ ഹെ വെയ്ഡോങ് അടക്കമുള്ള പ്രമുഖര്‍ക്കെതിരെയാണ് നടപടി. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് ശേഷം ചൈനീസ് സൈന്യത്തിലെ രണ്ടാമത്തെ ഉയര്‍ന്ന പദവി വഹിച്ചിരുന്ന ഹെ വെയ്ഡോങ് അവസാനമായി പൊതുവേദിയില്‍ എത്തിയത് കഴിഞ്ഞ മാര്‍ച്ചില്‍ ആണ്. പോളിറ്റ് ബ്യൂറോയിലെ നിലവിലുള്ള അംഗങ്ങളില്‍ നടപടി നേരിടുന്ന ആദ്യ വ്യക്തിയാണ് ഹെ വെയ്ഡോങ്
മിയാവോ ഹുവാ സി.എം.സി.യുടെ രാഷ്ട്രീയ കാര്യ വിഭാഗം ഡയറക്ടര്‍ മിയാവോ ഹുവാ, രാഷ്ട്രീയ കാര്യ വിഭാഗം എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹെ ഹോങ്ജുന്‍, സംയുക്ത ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്റര്‍ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടര്‍ വാങ് ഷിയൂബിന്‍, ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡര്‍ ലിന്‍ ഷിയാങ്യാങ്, ഉന്നത സൈനിക മേധാവികളായ യുവാന്‍ ഹുവോഷി, വാങ് ഹൗബിന്‍, വാങ് ചുണ്ണിങ് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് ഉന്നതര്‍.