/kalakaumudi/media/media_files/2025/08/14/china-2025-08-14-16-01-40.jpg)
ബെയ്ജിങ്: സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വന്‍തോതില്‍ വെട്ടിക്കുറച്ച ചൈന, റഷ്യന്‍ എണ്ണ വാങ്ങുന്നത് കുത്തനെ കൂട്ടി. സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി ആരംകോയില്‍ നിന്ന് ഓഗസ്റ്റില്‍ പ്രതിദിനം 1.65 മില്യന്‍ ബാരല്‍ വീതം എണ്ണ വാങ്ങുന്ന ചൈന സെപ്റ്റംബറിലേക്കുള്ള ഓര്‍ഡറില്‍ ഇത് 1.43 മില്യനായാണ് കുറച്ചത്. പകരം, റഷ്യന്‍ എണ്ണ കൂടുതലായി വാങ്ങും.
നിലവില്‍ ചൈന പ്രതിദിനം 2 മില്യന്‍ ബാരല്‍ എണ്ണ വീതം എണ്ണ റഷ്യയില്‍ നിന്ന് വാങ്ങുന്നുണ്ട്. സെപ്റ്റംബറില്‍ അളവ് ഉയര്‍ത്തും. ഇന്ത്യയ്ക്കുമേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 50% ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കാനും പകരം സൗദി അറേബ്യയുടേത് ഉള്‍പ്പെടെ ഗള്‍ഫ് എണ്ണ വാങ്ങാനും ശ്രമിക്കുന്നുണ്ട്. ഇതോടെ ഡിമാന്‍ഡ് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിലിന്റെ വില സൗദി അറേബ്യ ബാരലിന് 3.20 ഡോളര്‍ കൂട്ടി. ഇതാണ് സൗദി അറേബ്യയോട് മുഖംതിരിക്കാനും റഷ്യന്‍ എണ്ണ കൂടുതലായി വാങ്ങാനും ചൈനയെ പ്രേരിപ്പിക്കുന്നത്.
ഓഗസ്റ്റ് 15ന് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നടക്കുന്ന സമാധാന ചര്‍ച്ച പൊളിഞ്ഞാലും ഇന്ത്യയ്ക്കുമേലുള്ള തീരുവ കൂട്ടുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കുന്നത്. ചൈനയും ഫ്രാന്‍സും ബ്രസീലും നെതര്‍ലന്‍ഡ്‌സും ടര്‍ക്കിയും നിലവില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടെങ്കിലും ട്രംപിന്റെ വിരട്ടലും ഭീഷണിയും ഇന്ത്യയോട് മാത്രമാണ്.
ചൈനയ്ക്കുമേലുള്ള തീരുവ 30 ശതമാനത്തില്‍ നിലനിര്‍ത്തിയ ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയ്ക്ക് 90 ദിവസത്തെ സാവകാശവും അനുവദിച്ചു. നേരത്തേ ഏപ്രിലില്‍ ചൈനയ്ക്കുമേല്‍ ട്രംപ് 145% തീരുവ പ്രഖ്യാപിച്ചിരുന്നു. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന 125% തീരുവ ഏര്‍പ്പെടുത്തി തിരിച്ചടിച്ചതോടെയാണ് ഇരു രാജ്യങ്ങളും ചര്‍ച്ചയിലേക്ക് കടന്നത്. നിലവില്‍ യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ചൈനയില്‍ തീരുവ 10% മാത്രം.
ചൈനയോട് താരിഫുമായി ഏറ്റുമുട്ടലുണ്ടായാല്‍ അതേനാണയത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപിന് ആശങ്കയുണ്ട്. ചൈന അടുത്തിടെ അപൂര്‍വ മൂലകങ്ങളുടെ (റെയര്‍ എര്‍ത്ത്) കയറ്റുമതി നിയന്ത്രിച്ചത് യുഎസിനെ വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുമായി ചര്‍ച്ചയ്ക്ക് ട്രംപ് കൂടുതല്‍ സാവകാശം അനുവദിച്ചത്.