/kalakaumudi/media/media_files/2025/07/02/daldf-2025-07-02-14-28-18.jpg)
ന്യൂഡല്‍ഹി: തന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നതില്‍ ചൈനയുടെ ഇടപെടല്‍ തടഞ്ഞ് ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ. പിന്‍ഗാമിയെ തന്റെ മരണശേഷമേ നിശ്ചയിക്കൂ എന്ന് ദലൈലാമ വ്യക്തമാക്കി. പതിനഞ്ചാം ദലൈലാമയെ തിരഞ്ഞെടുക്കാനുള്ള അവകാശം ദലൈലാമയുടെ ഓഫീസിനാകും. ഈ ചുമതലയുള്ള ഗാദെന്‍ ഫോട്‌റങ് ട്രസ്റ്റിനു മാത്രമാകും അധികാരമെന്ന് നിലവിലെ ദലൈലാമ അറിയിച്ചു.
'ഭാവിയില്‍ ദലൈലാമയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ എങ്ങനെയാണെന്ന് 2011 സെപ്റ്റംബര്‍ 24-ലെ പ്രസ്താവനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പുതിയ ദലൈലാമയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം ദലൈലാമയുടെ ഓഫീസായ ഗാഡെന്‍ ഫോട്‌റങ് ട്രസ്റ്റിലെ അംഗങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റാര്‍ക്കും ഇതില്‍ ഇടപെടാന്‍ അധികാരമില്ല'- പതിനാലാമത് ദലൈലാമ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ദലൈലാമ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് വ്യക്തമായ സന്ദേശമാണ് ദലൈലാമ ഇതിലൂടെ നല്‍കിയിരിക്കുന്നത്.
പിന്‍ഗാമിയെ പതിനാലാമന്‍ ദലൈലാമ തന്റെ 90ാം ജന്മദിനമായ ജൂലൈ 6ന് പ്രഖ്യാപിക്കും എന്ന് വിശ്വാസികള്‍ പ്രതീക്ഷിച്ചിരുന്നു. ദലൈലാമ തിരഞ്ഞെടുപ്പില്‍ പിടിമുറുക്കാന്‍ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച വ്യക്തമായ സന്ദേശം ദലൈലാമ നല്‍കിയത്.
1959ല്‍ ലാസയിലെ ചൈനീസ് ഭരണത്തിനെതിരായ പ്രക്ഷോഭം ലക്ഷ്യം കാണാതിരുന്നതോടെയാണ് ഇപ്പോഴത്തെ ദലൈലാമ പതിനഞ്ചാം വയസ്സില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ആയിരക്കണക്കിന് ടിബറ്റുകാരോടൊപ്പം ഇന്ത്യയിലേക്ക് വന്നു. ചൈന അദ്ദേഹത്തെ വിഘടനവാദിയും വിമതനുമാണെന്ന് മുദ്രകുത്തി. 1,40,000 ടിബറ്റന്‍ വംശജരുടെ നിയന്ത്രണം ഇന്ത്യയുടെ അനുവാദത്തോടെ ഇപ്പോള്‍ ധരംശാലയില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിനാണ്. പുതിയ ദലൈലാമ ചൈനയ്ക്ക് പുറത്തുള്ളയാളാവും എന്നാണ് പൊതു ധാരണ.
അതേസമയം ചൈനയില്‍ താമസിക്കുന്ന ഒരാള്‍ക്കേ ലാമയാകാന്‍ കഴിയൂ എന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്. പുതിയ ലാമയെ തിരഞ്ഞെടുക്കാന്‍ ചൈന നീക്കം തുടങ്ങിയിരുന്നു.