ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ ജലവൈദ്യുത പദ്ധതിക്ക് ചൈന അംഗീകാരം നല്‍കി. ടിബറ്റിലെ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം ബ്രഹ്മപുത്ര നദിയിലാണ് ഈ അണക്കെട്ട് നിര്‍മ്മിക്കുന്നത്. ടിബറ്റില്‍ യാര്‍ലുങ്‌സാങ്‌പോ എന്നാണ് ബ്രഹ്മപുത്ര അറിയപ്പെടുന്നത്. ഈ അണക്കെട്ടില്‍ ചൈന ജലവൈദ്യുത പദ്ധതി സ്ഥാപിക്കും.
ഇതിന്റെ നിര്‍മ്മാണത്തിന് 137 ബില്യണ്‍ ഡോളറാണ് ചിലവ് കണക്കാക്കുന്നത്. പദ്ധതിയില്‍ പ്രതിവര്‍ഷം 30 കോടി മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. 30 കോടി ജനങ്ങളുടെ വാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയാകും ഇതെന്ന് കരുതുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി കണക്കാക്കപ്പെടുന്ന ത്രീ ഗോര്‍ജസ് അണക്കെട്ടിനേക്കാള്‍ മൂന്നിരട്ടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പുതിയ പദ്ധതിക്ക് സാധിക്കും. ചൈനയിലെ ഹുവായ് പ്രവിശ്യയിലാണ് ത്രീ ഗോര്‍ജസ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
അതേസമയം, ചൈനയുടെ ഭീമന്‍ ജലവൈദ്യുത പദ്ധതി പ്രഖ്യാപനം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ ബ്രഹ്മപുത്ര നദിയിലെ നീരൊഴുക്ക് നിയന്ത്രിക്കാന്‍ ചൈനയ്ക്ക് കഴിയുമെന്നതാണ് പ്രശ്‌നം. ഭീമന്‍ അണക്കെട്ട് ചൈന ഒരു ജലബോംബായി ഉപയോിഗിക്കുമോ എന്നതും പ്രശ്‌നമാണ്. ഈ അണക്കെട്ടില്‍ നിന്ന് ചൈന വെള്ളം തുറന്നുവിട്ടാല്‍ അരുണാചല്‍ പ്രദേശിലെ യിങ്കിയോങ് നഗരം പൂര്‍ണമായും വെള്ളത്തിനടിയിലാകും. യുദ്ധസമാനമായ സാഹചര്യത്തില്‍ ഈ അണക്കെട്ടില്‍ നിന്ന് വന്‍തോതില്‍ വെള്ളം തുറന്നുവിടുകയും അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയോ വെള്ളം തടഞ്ഞ് വരള്‍ച്ച സൃഷ്ടിക്കുകയോ ചെയ്യാം.