വാഷിങ്ടൺ: ട്രംപ് തുടങ്ങിവെച്ച തീരുവയുദ്ധത്തിൽ ഏറ്റുമുട്ടൽ ശക്തമാക്കി യുഎസും ചൈനയും. ട്രംപിന്റെ താരിഫ് ഭീഷണികളോട് അവസാനംവരെ പോരാടുമെന്ന് ചൈന വ്യക്തമാക്കി. അമേരിക്ക തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും അതിലൂടെ അവരുടെ ബ്ലാക്ക്‌മെയിലിങ് സ്വഭാവമാണെന്ന് വെളിപ്പെടുന്നതെന്നും ചൈന ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.
ചൈനീസ് ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ചൈന യുഎസിനെതിരേ രംഗത്തെത്തിയത്. ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസ് 34 ശതമാനം നികുതി പ്രഖ്യാപിച്ചതിന് മറുപടിയായി യുഎസ് ഉത്പന്നങ്ങൾക്കുമേൽ ചൈന പകരച്ചുങ്കം ചുമത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് 50 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് ചൈനയെ ഭീഷണിപ്പെടുത്തിയത്. സാമൂഹിക മാധ്യമമായ ട്രൂത്ത് വഴിയായിരുന്നു ട്രംപ് ചൈനയ്ക്കെതിരെ നികുതി പ്രഖ്യാപനം.
യുഎസിനെതിരേ പ്രതികാര നടപടിയായി നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുന്ന ഏതൊരു രാജ്യത്തിനും അധിക നികുതി നൽകേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി. യുഎസിന് മേൽ ചൈന ചുമത്തിയ 34 ശതമാനം നികുതി ഏപ്രിൽ എട്ടിനകം പിൻവലിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കിൽ ഏപ്രിൽ ഒമ്പത് മുതൽ 50 ശതമാനം അധിക തീരുവ ചൈനയ്ക്ക് മേൽ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ചൈനയുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കുമെന്നും താരിഫ് വിഷയത്തിൽ യുഎസുമായി ചർച്ചയ്ക്ക് ശ്രമിക്കുന്ന രാജ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ട്രംപിന്‍റെ പ്രഖ്യാപനത്തിലൂടെ അമേരിക്കയുടെ ബ്ലാക്ക്മെയിൽ സ്വഭാവം തുറന്നുകാട്ടപ്പെടുകയാണെന്നും അമേരിക്കയുടെ ഭാഗത്തുനിന്ന് ബുദ്ധിമോശം ആവർത്തിക്കുകയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങണമെന്ന് അമേരിക്ക നിർബന്ധം പിടിച്ചാൽ അവസാനംവരെ പോരാടുമെന്നും ചൈന വ്യക്തമാക്കി.
യുഎസിന്റെ പകരച്ചുങ്കം തങ്ങളെ ഉലയ്ക്കില്ലെന്ന സൂചന നൽകി ചൈനീസ് വാണിജ്യസഹമന്ത്രി ലിങ് ജി രംഗത്തെത്തിയിട്ടുണ്ട്. വിദേശനിക്ഷേപങ്ങൾക്കുള്ള വാഗ്ദത്തഭൂമിയായി ചൈന തുടരുമെന്നും യുഎസ് കമ്പനികളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച 34 ശതമാനം പകരച്ചുങ്കമാണ് ചൈനയ്ക്ക് യുഎസ് പ്രഖ്യാപിച്ചത്. അതിനുമുൻപ് രണ്ടുതവണയായി പ്രഖ്യാപിച്ച 10 ശതമാനം തീരുവകളുൾപ്പെടെ നിലവിൽ ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്ക് 54 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ യുഎസിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവ പ്രഖ്യാപിച്ച് ചൈന തിരിച്ചടിച്ചിരുന്നു. ഗാഡലിനിയം, യിട്രിയം തുടങ്ങിയ ഒൻപത് അപൂർവധാതുക്കളുടെ കയറ്റുമതിയിലും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു.
ചൈന പ്രഖ്യാപിച്ച തീരുവ, യുഎസിൽനിന്നുള്ളതുൾപ്പെടെ എല്ലാ കമ്പനികളുടെയും നിയമപരമായ അവകാശവും താത്പര്യവും സംരക്ഷിക്കുന്നതാകുമെന്ന് ലിങ് യുഎസ് കമ്പനികളുടെ പ്രതിനിധികളോട് പറഞ്ഞു. ട്രംപിന്റെ ഉപദേഷ്ടാവ് ഇലോൺ മസ്കിന്റെ വൈദ്യുതകാർനിർമാണക്കമ്പനിയായ ടെസ്‍ലയുടെ പ്രതിനിധിയും സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച പ്രാബല്യത്തിൽ വരുന്ന ചൈനയുടെ തീരുവ അമേരിക്കയെ ബഹുമുഖ വ്യാപാരസംവിധാനത്തിന്റെ ശരിയായ പാതയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീരുവ ദുരുപയോഗം ചെയ്യുന്നവരിൽ മുൻപിൽനിൽക്കുന്ന രാജ്യമാണ് ചൈനയെന്ന് ട്രംപ് പറഞ്ഞു.