വൈറസിന്റെ രൂപത്തിലായാലും ഡ്യൂപ്ലിക്കേറ്റിന്റെ രൂപത്തിലായാലും നാട്ടുകാര്‍ക്ക് പണികൊടുക്കാന്‍ മിടുക്കന്മാരാണ് ചൈന. ഒരുപടികൂടി കടന്ന് ഇപ്പോ ചൈന തിരിഞ്ഞിരിക്കുന്നത് സാക്ഷാല്‍ ഭൂമിക്ക് നേരെ തന്നെയാണ്. ലോകത്തിലേക്കും ഏറ്റവും വലിയ അണക്കെട്ട് ബ്രഹ്‌മപുത്ര നദിയില്‍ നിര്‍മിക്കാന്‍ ചൈന ഒരുങ്ങുമ്പോള്‍ ചൈനയുടെ തന്നെ മറ്റൊരു സൃഷ്ടിയും ചര്‍ച്ചയാകുകയാണ്. ചൈനയുടെ 'ത്രീ ഗോര്‍ജസ് ഡാം' എന്ന അണക്കെട്ട്. അതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കുന്ന ഒന്നാണ് ത്രീ ഗോര്‍ജസ് ഡാം എന്നാണ് നാസ പറയുന്നത്. നാസയുടെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ത്രീ ഗോര്‍ജസ് ഡാമിനേക്കാളും വലിപ്പത്തില്‍ വരുന്ന ബ്രഹ്‌മപുത്രയിലെ അണക്കെട്ട് എന്തിനെയെല്ലാം സ്വാധീനിക്കുമെന്ന് കണ്ടറിയണം.
ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്ട്സെ നദിയിലാണ് ത്രീ ഗോര്‍ജസ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്.നിലവില്‍,ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണിത്.വെള്ളപ്പൊക്കം നിയന്ത്രിക്കുക എന്നതായിരുന്നു അണക്കെട്ടുകൊണ്ട് ചൈനയുടെ ലക്ഷ്യം. പതിറ്റാണ്ടുകള്‍ എടുത്താണ് നിര്‍മാണം പൂര്‍ത്തിയായത്.എന്നാല്‍ അണക്കെട്ട് നിര്‍മ്മിച്ചതോടെ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം 0.06 മൈക്രോ സെക്കന്‍ഡുകള്‍ കുറഞ്ഞുവെന്നാണ് നാസ പറയുന്നത്.ഇത് ദിവസങ്ങളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും ചെയ്തു.
ത്രീ ഗോര്‍ജസ് അണക്കെട്ട് ഭൂമിയില്‍ വളരെയധികം ഭാരം ചുമത്തുകയും അത് ഭൂമിയുടെ ഭ്രമണ വേഗത കുറയ്ക്കുകയുമാണ് ചെയ്യുന്നത്. കറങ്ങുന്ന വസ്തുവിന് മുകളില്‍ അല്പം ഭാരം വച്ചാല്‍ കറക്കത്തിന്റെ വേഗം കുറയുന്നതിന് സമാനമാണിത്.ദിവസങ്ങളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുക മാത്രമല്ല ഭൂമിയുടെ ധ്രുവസ്ഥാനത്തെ ഏകദേശം 2 സെന്റിമീറ്റര്‍ അണക്കെട്ട് മാറ്റുകയും ചെയ്തു.2.3 കിലോമീറ്റര്‍ നീളവും 115 മീറ്റര്‍ വീതിയും 185 മീറ്റര്‍ ഉയരവുമുണ്ട് ഈ അണക്കെട്ടിന്.10 ട്രില്യണ്‍ ഗാലണ്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് അണക്കെട്ടിന്റെ റിസര്‍വോയറിനുള്ളത്.
അണക്കെട്ടിന്റെ റിസര്‍വോയര്‍ നിര്‍മിക്കാന്‍ 1.4 ദശലക്ഷം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്.റിസര്‍വോയിര്‍ വെള്ളത്തില്‍ ജീവിക്കുന്ന ജീവജാലങ്ങളെയും പ്രതികൂലമായി ബാധിച്ചു. കൃഷിയിടങ്ങളും നശിച്ചു. അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള ചെലവ് 25 ബില്യണ്‍ ഡോളറായിരുന്നു എന്നാണ് കണക്കുകള്‍. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇത് 37 ബില്യണ്‍ ഡോളര്‍ വരെയാണെന്നാണ്.ബ്രഹ്‌മപുത്ര നദിയില്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് ഏറ്റവുമടുത്ത സ്ഥലത്താണ് ചൈന പുതിയ അണക്കെട്ട് നിര്‍മിക്കുന്നത്. ഇതോടെ ഇന്ത്യയും അയല്‍രാജ്യമായ ബംഗ്ലദേശും കടുത്ത ആശങ്കയിലാണ്. 13700 കോടി അതായത് 137 ബില്യണ്‍ യുവാന്‍ ചെലവിട്ടാണ് അണക്കെട്ട് നിര്‍മിക്കുന്നത്.
ബ്രഹ്‌മപുത്ര നദി അരുണാചലിലേക്കും അവിടെ നിന്ന് ബംഗ്ലദേശിലേക്കും യുടേണ്‍ പോലെ പിരിയുന്ന കൂറ്റന്‍ കിടങ്ങ് പ്രദേശത്തായാണ് അണക്കെട്ട് വരുന്നത്. അണക്കെട്ട് നിലവില്‍ വരുന്നതോടെ അരുണാചല്‍ പ്രദേശിലും ബംഗ്ലദേശിലും പ്രളയസാധ്യതയേറും.അണക്കെട്ട് ചൈനീസ് അധീന പ്രദേശത്തായതിനാല്‍ തന്നെ നീരൊഴുക്കും തുറന്ന് വിടുന്ന വെള്ളത്തിന്റെ വ്യാപ്തിയുമെല്ലാം അതിര്‍ത്തിഗ്രാമങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചേക്കാം.ഭൂചലന സാധ്യതാ പ്രദേശത്താണ് നിര്‍മാണമെന്നതും ആശങ്കയേറ്റുന്നതാണ്.ചൈനയുടെ 14ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമാണ് നിലവില്‍ നിര്‍മാണ അംഗീകാരം ലഭിച്ച ബ്രഹ്‌മപുത്ര അണക്കെട്ട്.ചൈനയിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് നിര്‍ദിഷ്ട പദ്ധതി പ്രദേശം. 300 ബില്യണ്‍ കിലോ വാട്ട് വൈദ്യുതി പ്രതിവര്‍ഷം ഇവിടെ നിന്നും നിര്‍മിക്കാമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ഇത് 300 ദശലക്ഷം ജനങ്ങളുടെ വാര്‍ഷിക ഉപഭോഗത്തിന് പര്യാപ്തമാണെന്നും ചൈന പ്രതീക്ഷിക്കുന്നു.