തിരുപ്പിറവിയുടെ ഓര്‍മകളില്‍ ലോകം

സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഓര്‍മ്മ പുതുക്കി പുരോഹിതന്മാര്‍ വിവിധ പള്ളികളില്‍ ഉയിര്‍പ്പ് സന്ദേശം നല്‍കി.

author-image
Biju
New Update
crismaas

തിരുവനന്തപുരം: പുല്‍ക്കൂട്ടില്‍ പിറന്ന് ലോകത്തിന്റെ നാഥനായി മാറിയ ക്രിസ്തുവിന്റെ ജന്മദിനത്തില്‍ ലോകം മുഴുവന്‍ ഇന്ന് ക്രിസ്മസ് ആഘോഷം. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഓര്‍മ്മ പുതുക്കി പുരോഹിതന്മാര്‍ വിവിധ പള്ളികളില്‍ ഉയിര്‍പ്പ് സന്ദേശം നല്‍കി.

കേരളത്തിലും വിവിധ സാഭാ ആസ്ഥാനങ്ങളിലും മേലദ്ധ്യക്ഷന്മാര്‍ സന്ദേശം പകര്‍ന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനായി. ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

ക്രിസ്മസിന്റെ പൊലിമ കളയാന്‍ മറ്റ് ആഘോഷങ്ങള്‍ പ്രഖ്യാപിക്കുന്നു. ജീവനെടുക്കാനും മര്‍ദിക്കാനും ഭയപ്പെടുത്താനും കഴിയും. ?യേശുവിന്റെ നാമം ഭൂമിയില്‍ നിന്ന് എടുത്തുമാറ്റാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. അവര്‍ക്ക് വേണ്ടിയും ഭരിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാമെന്നും ക്രിസ്മസ് സന്ദേശത്തില്‍ കാതോലിക്ക ബാവാ പറഞ്ഞു.

പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ചടങ്ങുകള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരായ ആക്രമണം കൂടികൂടി വരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരാണ് എല്ലാവരും എന്നും ക്രിസ്തു ഹൃദയങ്ങളിലാണ് പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം പുനലൂര്‍ ഇടമണ്‍ സെന്‍മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കുന്ന എല്‍ദോ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപ്പോലീത്ത ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു.

രാജ്യത്തെ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നതായി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം സുരക്ഷിതമായി ക്രിസ്മസ് ആഘോഷിക്കാന്‍ കര്‍ശന നിയമപാലനം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുന്നു. മത, ആരാധനാ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കണം. ക്രിസ്മസ് വേളയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് ഭരണഘടനയുടെ ആത്മാവിന് തന്നെ മുറിവേല്‍പ്പിക്കുന്നതാണ്. അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

എല്ലാ രാജ്യങ്ങളിലും ഒരുപോലെയല്ല


യേശു കുഞ്ഞിന്റെ തിരുപിറവിയെ അനുസ്മരിച്ചാണ് എല്ലാ വര്‍ഷവും ആളുകള്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. എല്ലാ രാജ്യങ്ങളും ഒരുപോലെയല്ല ക്രിസ്മസ് ആഘോഷിക്കുന്നത്, എന്നിരുന്നാലും എല്ലാവരും അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ആഘോഷിക്കാറുണ്ട്. പണ്ട് ക്രിസ്മസ് ഒരു മതത്തിന്റെ മാത്രം ഉത്സവമായിരുന്നെങ്കില്‍ ഇന്ന് നാനാ ജാതി മതസ്ഥരും ഈ ആഘോസത്തിന്റെ ഭാഗമാകുന്നുണ്ട്.


എന്താണ് ക്രിസ്മസ് ? എന്തുകൊണ്ട് ഈ ദിവസത്തിന് പ്രാധാന്യം കൂടുന്നു

യേശു ക്രിസ്തുവിന്റെ തിരുപിറവിയെ ആഘോഷിക്കുന്നതാണ് ക്രിസ്മസ്. ക്രിസ്തു ജീവന്റെ വെളിച്ചമാണെന്നും, ആ വെളിച്ചത്തിലേക്ക് തന്റെ പ്രിയപ്പെട്ട മനുഷ്യരെ നയിച്ച വ്യക്തി യേശു ക്രിസ്തു ആയതുകൊണ്ടും യേശുവിന്റെ ജനനം ആഘോഷമായിട്ടാണ് ആളുകള്‍ ആഘോഷിക്കുന്നത്.

ദൈവ പുത്രനായിട്ട് പോലും യേശു കുഞ്ഞിന്റെ ജനനം ബെത്‌ലഹേമിലെ ഒരു ചെറിയ കാലിത്തൊഴുത്തിലായിരുന്നു. ഇതിലൂടെ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന സന്ദേശം എളിമയുടെയും വിനയത്തിന്റെയുമാണ്. അന്ന് യേശു കുഞ്ഞിനെ കാണാനായി എത്തിയ ആട്ടിടയന്മാര്‍ കുഞ്ഞിന് കാഴ്ചയായി സ്വര്‍ണം, മൂര്‍, കുന്തിരിക്കം എന്നിവ കാഴ്ച അര്‍പ്പിച്ചു. ഇതിലൂടെ പങ്കിടലിന്റെ മാതൃകയും നമുക്ക് കാണാന്‍ സാധിക്കും.

ഓരോ ക്രിസ്മസ് ആഘോഷിക്കുമ്പോഴും യേശു ക്രിസ്തു തന്റെ ജീവിതം വഴി പകര്‍ന്നു നല്‍കിയ വിനയം, എളിമ, സ്‌നേഹം, കരുതല്‍, പങ്കിടല്‍, എന്നിവ നമുക്ക് മനസിലാക്കാന്‍ സാധിക്കും.

പാശ്ചാത്യ ക്രിസ്ത്യന്‍ സഭകള്‍ ഉള്‍പ്പെടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഡിസംബര്‍ 25 നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്ന ചില കിഴക്കന്‍ പള്ളികള്‍ ജനുവരി 7 ന് ക്രിസ്മസ് ആഘോഷിക്കും. അര്‍മേനിയന്‍ സഭ പാരമ്പര്യമനുസരിച്ച് ജനുവരി 6 അല്ലെങ്കില്‍ ജനുവരി 19 ന് അവര്‍ ക്രിസ്മസ് ആഘോഷിക്കും

ക്രിസ്മസിന്റെ ചരിത്രം

യേശു ക്രിസ്തുവിന്റെ ജന്മ ദിനം സംബന്ധിച്ച് ആദ്യ കാലങ്ങളില്‍ നിരവധി സംശയങ്ങള്‍ നിലനിന്നിരുന്നു. നാലാം നൂറ്റാണ്ടോടെ, റോമാ സാമ്രാജ്യത്തിലെ ശൈത്യകാല അവസാനം ആയി ബന്ധപ്പെട്ട് ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കാന്‍ തീരുമാനിച്ചു. കാലക്രമേണ ക്രിസ്തുമതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസവും ആഘോഷവുമായി ഇത് മാറി.

ബൈബിള്‍ കഥ

ബൈബിളിലെ പുതിയ നിയമം അനുസരിച്ച്, ദാവീദിന്റെ പട്ടണം എന്നറിയപ്പെടുന്ന ബെത്‌ലഹേമിലെ ഒരു ചെറിയ കാലിതൊഴുത്തിലാണ് കന്യക മറിയം യേശു കുഞ്ഞിന് ജന്മം നല്‍കിയത്. യേശു കുഞ്ഞിന്റെ ജനനം ആദ്യം മാലാഖമാര്‍ അറിയിച്ചത് ആട്ടിടയന്മാരെയാണ് അവര്‍ സമ്മാന പൊതികളുമായി യേശു കുഞ്ഞിനെ കാണാന്‍ എത്തി. ദൈവത്തിന്റെ പുത്രനായിട്ടും വിനീതനായി കാലിത്തൊഴുത്തില്‍ പിറന്നത് ലോകത്തിനു തന്നെ മാതൃക ആകാനാണ്. ഓരോ ക്രിസ്തവന്‍ മാത്രമല്ല ഓരോ മനുഷ്യരും ഈ വിനയമാണ് പഠിപ്പിച്ചു നല്‍കേണ്ടത്.

ഏവര്‍ക്കും തിരുപ്പിറവി ആശംസകള്‍