മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാസേനയും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പോലീസുകാരും നാല് അര്‍ധസൈനികരും കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്കു പരുക്കേറ്റു.
താനടക്കമുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ ആഹ്വാനത്തിനു പിന്നാലെയാണ് ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇസ്ലാമാബാദില്‍ തെരുവിലിറങ്ങിയത്. സംഘര്‍ഷത്തിനു പിന്നാലെ ഇസ്ലാമാബാദില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനം താല്‍കാലികമായി വിഛേദിച്ചു.
ജുഡീഷ്യറിയേക്കാള്‍ അധികാരം സര്‍ക്കാരിനു നല്‍കുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാര്‍ സുരക്ഷാ സൈനികര്‍ക്കു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്.
പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇസ്ലാമാബാദില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടായാല്‍ വെടിവെക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.