ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവറിന്റെ നിർമ്മാണം ജിദ്ദയിൽ പുരാരംഭിച്ചു

ബുര്‍ജ് ഖലീഫ... ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. രണ്ട് ദശാബ്ദക്കാലമായി യുഎഇ ദുബായിലെ ബുര്‍ജ് ഖലീഫയെന്ന അംബരചുംബി ലോകത്തെ വിസ്മയിപ്പിക്കുന്നു. ബുര്‍ജ് ഖലീഫയുടെ സ്ഥാനം കീഴടക്കാനൊരു എതിരാളി എത്തുകയാണിപ്പോള്‍.

author-image
Rajesh T L
New Update
tt

(credits: globalconstructionreview.com)

ബുര്‍ജ് ഖലീഫ... ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. രണ്ട് ദശാബ്ദക്കാലമായി യുഎഇ ദുബായിലെ ബുര്‍ജ് ഖലീഫയെന്ന അംബരചുംബി ലോകത്തെ വിസ്മയിപ്പിക്കുന്നു.

ബുര്‍ജ് ഖലീഫയുടെ സ്ഥാനം കീഴടക്കാനൊരു എതിരാളി എത്തുകയാണിപ്പോള്‍. ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവറിന്റെ നിര്‍മാണം ജിദ്ദയില്‍ പുനരാരംഭിച്ചിരിക്കുന്നു. കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയത്.

2028-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിലധികം ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായി ഇത് മാറും.

2013ലാണ് നിര്‍മ്മാണം ആരംഭിച്ചത്. 157 നിലകളില്‍ പടുത്തുയര്‍ത്തപ്പെടുന്ന ടവര്‍ കോംപ്ലക്സില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍, ഷോപ്പിങ് മാള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരീക്ഷണ ഗോപുരം, വിനോദ കേന്ദ്രങ്ങള്‍ എന്നിവയാണുണ്ടാവുക.

157 നിലകളില്‍ 63 നിലകളുടെ നിര്‍മാണം പൂര്‍ത്തിയായി. 59 എലിവേറ്ററുകളും 12 എസ്‌കലേറ്ററുകളും സ്ഥാപിച്ചുകഴിഞ്ഞു. 80 ടണ്‍ സ്റ്റീലും എനര്‍ജി ഇന്‍സുലേറ്റിങ് ഗ്ലാസും കൊണ്ടുള്ള മുന്‍ഭാഗങ്ങളുടെ നിര്‍മാണവും ഇതിനകം പൂര്‍ത്തിയായി.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് ടവറുകളില്‍ രണ്ട് ടവറുകളുള്ള ഏക രാജ്യമായി സൗദി അറേബ്യ മാറും. ഒരു കിലോമീറ്റര്‍ ഉയരമുള്ള ഈ ജിദ്ദ ടവര്‍ കൂടാതെ മറ്റൊന്ന് 601 മീറ്റര്‍ ഉയരമുള്ള മക്കയിലെ ക്ലോക്ക് ടവറാണ്.

ഉയര്‍ന്ന ടവറുകള്‍ രൂപകല്പന ചെയ്യുന്നതില്‍ പ്രശസ്തനായ അമേരിക്കന്‍ വാസ്തുശില്‍പി അഡ്രിയാന്‍ സ്മിത്താണ് ഈ ടവറിന്റെ രൂപകല്‍പന. ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര വാസ്തുശില്‍പികളിലൊരാളായാണ് സ്മിത്ത്. നിരവധി ഐതിഹാസിക കെട്ടിടങ്ങള്‍ അദ്ദേഹം രൂപകല്‍പന ചെയ്തിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ബുര്‍ജ് ഖലീഫ തന്നെയാണ്.

മൊത്തം 720 കോടി റിയാല്‍ മൂല്യമുള്ള ജിദ്ദ ടവര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കിങ്ഡം ഹോള്‍ഡിങ് കമ്പനി ബിന്‍ലാദിന്‍ ഗ്രൂപ്പുമായാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

largest