/kalakaumudi/media/media_files/Hezua6ZJkGAv7pOyIH8c.jpg)
ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗൂഗിള്‍ പിന്‍വലിയുന്നു. തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോമില്‍ നിലനിര്‍ത്താനാണ് ഗൂഗിളിന്റെ പദ്ധതി. ഈ വര്‍ഷം ജനുവരിയില്‍ കുക്കീസ് നിര്‍ത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിളിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനം പേരില്‍ ഈ മാറ്റം പരീക്ഷിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.
പരസ്യ ദാതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ പിന്‍മാറ്റം എന്നാണ് വിവരം. ജനപ്രിയ ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചില പരസ്യ ദാതാക്കള്‍ നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നു. പരസ്യ വിതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതും ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതും ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ്.
ഗൂഗിളിന്റെ ഈ നീക്കം ഡിജിറ്റല്‍ പരസ്യരംഗത്തെ മത്സരം തടസപ്പെടുത്തുമെന്ന ആശങ്കയില്‍ യുകെയുടെ കോമ്പറ്റീഷന്‍ ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റിയും സൂക്ഷ്മ പരിശോധ നടത്തിയിരുന്നു.
കുക്കീസ് ഒഴിവാക്കുന്നതിന് പകരം ഉപഭോക്താക്കള്‍ക്കായി ക്രോമില്‍ പുതിയൊരു അനുഭവം അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ ശ്രമം.