ജീവനക്കാരിയെ അപമാനിച്ചു, പിന്നാലെ ആത്മഹത്യ; കോസ്‌മെറ്റിക്സ് കമ്പനിയോട് 90 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

തൊഴിലിടത്തിലെ പീഡനത്തെ തുടർന്ന് ജീവനക്കാരി ആത്മഹത്യ ചെയ്തതിന് ജാപ്പനീസ് കോടതി കമ്പനിക്ക് 90 കോടി രൂപ പിഴ ചുമത്തി. കമ്പനി പ്രസിഡന്‍റിന്‍റെ മോശം പെരുമാറ്റവും കമ്പനിയുടെ അനാസ്ഥയുമാണ് മരണകാരണമെന്ന് കോടതി കണ്ടെത്തി

author-image
Devina
New Update
japanese


തൊഴിലിടത്തിലെ പീഡനങ്ങളെ തുടർന്ന് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ടോക്കിയോ ആസ്ഥാനമായുള്ള കോസ്‌മെറ്റിക്സ് കമ്പനിയായ D-UP കോർപ്പറേഷനും അതിൻറെ പ്രസിഡൻറും ചേർന്ന് ജീവനക്കാരിയുടെ കുടുംബത്തിന് 150 ദശലക്ഷം യെൻ (ഏകദേശം 90 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ജാപ്പനീസ് കോടതി ഉത്തരവിട്ടു.

 തൊഴിൽ ഉടമകളുടെ പീഡനം നേരിടുന്ന പെൺകുട്ടികൾക്ക് കരുത്ത് പകരുന്നതാണ് കോടതി വിധിയെന്നും ഇത്തരം തൊഴിലുടമകൾ ഇനി തെറ്റ് ചെയ്യാൻ ഒന്ന് മടിക്കുമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി.


തൊഴിലിടത്തെ പീഡനം
25 വയസ്സുള്ള സറ്റോമി എന്ന യുവതി 2021 ഏപ്രിലിലാണ് ജാപ്പനീസ് കമ്പനിയായ D-UP-ൽ ചേർന്നത്. എന്നാൽ, ഏതാനും മാസങ്ങൾക്കകം തന്നെ കമ്പനി പ്രസിഡൻറ് മിത്സുരു സകായിയിൽ നിന്ന് കടുത്ത മാനസിക പീഡനം യുവതി നേരിടാൻ തുടങ്ങി.

 2021 ഡിസംബറിൽ, അനുവാദമില്ലാതെ ഒരു ക്ലയിൻറിനെ സന്ദർശിച്ചതിന് സകായ്, സറ്റോമിയെ ശാസിക്കുകയും, 'തെരുവ് നായ' എന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു.

 തൊട്ടടുത്ത ദിവസം, 'ദുർബലനായ നായ ഉച്ചത്തിൽ കുരയ്ക്കും' എന്ന് പറഞ്ഞും സകായ് സറ്റോമി മറ്റ് ജീവിക്കാരുടെ മുന്നിൽ വച്ച് മാനസികമായി വീണ്ടും വേദനിപ്പിച്ചു.

 ഈ സംഭവങ്ങൾ സറ്റോമിയുടെ മാനസികാരോഗ്യത്തെ ആഴത്തിൽ ബാധിച്ചെന്നും ഈ പീഡനങ്ങളാണ് അവളുടെ മരണത്തിന് കാരണമായതെന്നുമാണ് കുടുംബം കോടതിയിൽ ആരോപിച്ചത്.

2022 ജനുവരി ആയപ്പോഴേക്കും ഓഫീസിൽ നിന്നും പീഡനത്തിലൂടെ സറ്റോമിക്ക് വിഷാദ രോഗം പിടിപെടുകയും ജോലിയിൽ നിന്ന് അവധിയെടുക്കാൻ നിർബന്ധിതയാകുകയും ചെയ്തു.

 പിന്നീട് അതേ വർഷം ഓഗസ്റ്റിൽ, അവൾ ആത്മഹത്യക്ക് ശ്രമിക്കുകയും ഒരു വർഷത്തിലേറെ അബോധാവസ്ഥയിൽ തുടർന്ന ശേഷം 2023 ഒക്ടോബറിൽ മരണപ്പെടുകയുമായിരുന്നു.

 ഇതിനെത്തുടർന്ന് അവളുടെ മരണത്തിന് കാരണം കമ്പനി പ്രസിഡൻറിൻറെ മോശം പെരുമാറ്റവും, അവളെ സംരക്ഷിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതുമാണെന്നും ആരോപിച്ച് മാതാപിതാക്കൾ 2023 ജൂലൈയിൽ ജാപ്പനീസ് കോടതിയിൽ കേസ് ഫയൽ ചെയ്തു.


കുറ്റം തെളിയുന്നു


2024 മെയ് മാസത്തിൽ, ലേബർ സ്റ്റാൻഡേർഡ്സ് ഇൻസ്പെക്ഷൻ ഓഫീസ്, സറ്റോമിയുടെ മരണത്തിൽ തൊഴിലിടത്തിലെ പീഡനം, വിഷാദരോഗം, തുടർന്നുള്ള മരണം എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തുകയും, ഈ കേസ് ഔദ്യോഗികമായി ഒരു ജോലി സംബന്ധമായ അപകടമായി പ്രഖ്യാപിക്കുകയും ചെയ്തു.

 2025 സെപ്റ്റംബർ 9-ന് ടോക്കിയോ ജില്ലാ കോടതി കുടുംബത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. കമ്പനിക്കും അതിൻറെ പ്രസിഡൻറിനും സറ്റോമിയുടെ മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് കോടതി വിധിച്ചു.

 150 ദശലക്ഷം യെൻ നഷ്ടപരിഹാരത്തിന് പുറമെ, സകായി കമ്പനിയുടെ പ്രസിഡൻറ് സ്ഥാനത്തിന് യോഗ്യനല്ലെന്നും അദ്ദേഹം തൽസ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിധിക്ക് ശേഷം, D-UPകോർപ്പറേഷൻ മരണപ്പെട്ട ജീവനക്കാരിയോടും അവളുടെ കുടുംബത്തോടും ക്ഷമാപണം നടത്തി പ്രസ്താവന പുറത്തിറക്കി.

 ഈ ദുരന്തത്തിൽ തൊഴിലിടത്തിലെ പീഡനത്തിന് പങ്കുണ്ടെന്ന് കമ്പനി സമ്മതിക്കുകയും തങ്ങളുടെ ആഭ്യന്തര സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഓഫീസിലെ പീഡനങ്ങൾക്ക് എതിരായ നിയമങ്ങൾ കർശനമാക്കുക, ജീവനക്കാർക്ക് പരിശീലനം നൽകുക, കൺസൾട്ടേഷൻ ഹോട്ട്‌ലൈൻ സ്ഥാപിക്കുക എന്നിവയുൾപ്പെടെയുള്ള പുതിയ നടപടികളും പിന്നാലെ കമ്പനി പ്രഖ്യാപിച്ചു.

 സകായി രാജിവെച്ചതായി കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. വിധിക്ക് ശേഷം, സറ്റോമിയുടെ സഹോദരി വിധി കുടുംബത്തിന് ആശ്വാസം നൽകിയെന്ന് അവകാശപ്പെട്ടു.

 എന്നാൽ സഹോദരി ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ ക്ഷമാപണം ലഭിച്ചിരുന്നെങ്കിലെന്ന് അവർ കൂട്ടിച്ചേർത്തു. സറ്റോമിയുടെ കേസ് ജപ്പാനിൽ വലിയ ശ്രദ്ധ നേടി.