ഇമ്രാനെ കൊല്ലാൻ നഖ്‌വിയും മുനീറും ഗൂഢാലോചന നടത്തുന്നുവെന്ന് സഹോദരിമാർ

പാകിസ്താൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്

author-image
Vineeth Sudhakar
New Update
imran 2

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്രകടിപ്പിച്ച് സുനിൽ ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെയുള്ള മുൻ ലോക ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇമ്രാൻഖാന്റെ കാലത്ത് കളിച്ചിരുന്നതും ലോക ക്രിക്കറ്റിലെ മുൻ ക്യാപ്റ്റൻമാരുമായ 14 പേർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന് കത്തയക്കുകയും ചെയ്തു. ജയിലിലായ ഇമ്രാന് മതിയായ വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലിന്റെ നേതൃത്വത്തിലാണ് കത്ത് തയ്യാറാക്കിയത്. ഇതിനിടെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുയാണ് ഇമ്രാൻ ഖാന്റെ സഹോദരിമാർ.ഇമ്രാൻ ഖാനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്നടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഇമ്രാന്റെ സഹോദരിമാരായ ഡോ. ഉസ്മ ഖാനും അലീമ ഖാനും ഉന്നയിച്ചിരിക്കുന്നത്. പാകിസ്താൻ സൈനിക മേധാവി അസിം മുനീറും പിസിബി ചെയർമാനായ മൊഹ്സിൻ നഖ്‌വിയും ചേർന്നാണ് ഈ ഗൂഢാലോചന നടത്തുന്നതെന്നും ഇവർ ആരോപിച്ചു. അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ തനിക്കെതിരെ വധശ്രമമുണ്ടെന്ന കാര്യം ഇമ്രാൻ ഖാൻ തന്നെ തങ്ങളെ അറിയിച്ചതായും സഹോദരിമാർ പറഞ്ഞു. 2023-ൽ ഇമ്രാനെ അഴിമതിക്കേസിൽ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

ഈ ആളുകൾ തന്നെ കൊല്ലുമെന്നും അതിനായി അവർ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞതായി ഉസ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൊഹ്സിൻ നഖ്‌വി ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവർ രക്തം രുചിച്ചിരിക്കുന്നു. ഇമ്രാൻ ഖാനോ ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ വാക്കുകൾ ഓർക്കുക, അവരുടെ ഭാവി തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല. - അലീമ പറഞ്ഞു.

ഇമ്രാന്റെ കണ്ണിന്റെ മോശം അവസ്ഥയെക്കുറിച്ചും ഇവർ ആശങ്ക പ്രകടിപ്പിച്ചു. വിശ്വസ്തരായ മെഡിക്കൽ ടീമിന്റെ ലഭ്യത നിഷേധിക്കപ്പെട്ടതായി അവർ ആരോപിച്ചു. ചികിത്സ നിഷേധിക്കപ്പെട്ടതിൽ തങ്ങൾ വളരെ അസ്വസ്ഥരാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സഹോദരിമാർ കൂട്ടിച്ചേർത്തു.ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ച 85 ശതമാനത്തോളം നഷ്ടപ്പെട്ടെന്ന് അടുത്തിടെ അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു. ഇമ്രാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സുപ്രീംകോടതിക്കു മുൻപാകെയാണ് അഭിഭാഷകനായ സൽമാൻ സഫ്ദാർ റിപ്പോർട്ടുനൽകിയത്. കാഴ്ച കുറയുന്നെന്ന് 2025 ഒക്ടോബർമുതൽ ഖാൻ പരാതിപ്പെടുന്നതായും എന്നാൽ, ജയിലധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഖാനുമായി ജയിലിൽനടത്തിയ രണ്ടുമണിക്കൂർ കൂടിക്കാഴ്ചയ്ക്കുശേഷമാണ് സഫ്ദാർ റിപ്പോർട്ട് നൽകിയത്. ഖാന്റെ കാഴ്ചാപ്രശ്നം മുൻനിർത്തി സുപ്രീംകോടതിയാണ് ഈ കൂടിക്കാഴ്ചയ്ക്കുത്തരവിട്ടത്. ഫെബ്രുവരി 16-നുമുൻപ് ഇമ്രാനെ അദ്ദേഹത്തിന്റെ ഡോക്ടറെ കാണിക്കാൻ ജയിലധികൃതരോട് നിർദേശിക്കുകയും ചെയ്തിരുന്നു.