സി ആര്‍പിഎഫ് സ്‌കൂളിലെ സ്‌ഫോടനം അന്വേഷണം ഖലിസ്താനിലേക്ക്

ഡല്‍ഹിയിലെ സി ആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഖലിസ്താന്‍ ഭീകരരെന്ന് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിലാണ് പ്രചരിച്ചിരുന്നത്

author-image
Rajesh T L
New Update
b

ഡല്‍ഹി: ഡല്‍ഹിയിലെ സി ആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഖലിസ്താന്‍ ഭീകരരെന്ന് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിലാണ് പ്രചരിച്ചിരുന്നത്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം ചാനലിലാണ് ദൃശ്യങ്ങള്‍ വന്നത്.  േഅനുകൂല ചാനലിന്റെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ് സോഷ്യല്‍ മീഡിയയ്ക്കും ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലിഗ്രാമിനും കത്തയച്ചിരുന്നു. സ്‌ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടിന് താഴെ 'ഖലിസ്ഥാന്‍ സിന്ദാബാദ്' എന്നും കുറിച്ചിരുന്നു. 

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ. ഭീരുക്കളായ ഇന്ത്യന്‍ ഏജന്‍സിയും അവരുടെ യജമാനനും ചേര്‍ന്ന് ഗുണ്ടകളെ വാടകയ്ക്കെടുത്ത് നമ്മുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വയ്ക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങള്‍ എത്രത്തോളം അടുത്താണെന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചടിയ്ക്കാന്‍ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

സ്‌ഫോടനത്തെപ്പറ്റി എന്‍ഐഎയും അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രശാന്ത് വിഹാറിലെ സ്‌കൂളിന്റെ സമീപത്താണ് കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നത്. മതില്‍ തകര്‍ത്ത് ശക്തമായ സ്ഫോടനം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചു. സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപത്തെ ചില കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ബോംബ് നിര്‍മ്മാണത്തിനായി വെള്ള നിറത്തിലുള്ള ഒരു രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണ് ഈ പൊടിയെന്നാണ് കരുതപ്പെടുന്നത്. സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു.

ഖാലിസ്താന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പരാമര്‍ശങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നു. ഇന്ത്യക്കെതിരായി കാനഡ ഉയര്‍ത്തിയ ആരോപണങ്ങളെ പിന്തുണക്കുന്ന കാതലായ തെളിവുകളുടെ അഭാവത്തില്‍ ട്രൂഡോയുടെ ആരോപണങ്ങളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിശിതമായാണ് അപലപിച്ചത്. ട്രൂഡോയില്‍ നിന്നുണ്ടായ അശ്രദ്ധമായ പെരുമാറ്റം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് കാര്യമായ ക്ഷതമാണ് ഏല്‍പ്പിച്ചത്.

ഇപ്പോള്‍ തന്റെ മുന്‍നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട് ട്രൂഡോ. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നാണ്, വിദേശ ഇടപെടലുമായി ബന്ധപ്പെട്ടു ഹാജരായ ഹിയറിംഗില്‍ ട്രൂഡോ സമ്മതിച്ചിരിക്കുന്നത്. ആ ഘട്ടത്തില്‍ അത് പ്രാഥമികമായി എടുത്ത തന്ത്രമായിരുന്നു, വ്യക്തമായ തെളിവുകളില്ലായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പറഞ്ഞത്, നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും, സാഹചര്യങ്ങള്‍ നിരീക്ഷിക്കാമെന്നും. ട്രൂഡോയുടെ ഈ പ്രസ്താവന പ്രധാനമന്ത്രിയുടെ സമീപനത്തിലുണ്ടായിരിക്കുന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തനിക്കെതിരേ വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിലപാടുകള്‍ മയപ്പെടുത്താന്‍ ട്രൂഡോ നിര്‍ബന്ധിതനായതാവാം. 

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വലിയ തോതില്‍ വഷളായിട്ടുണ്ട്, പ്രത്യേകിച്ചും തങ്ങളുടെ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ പങ്കാളിയാണെന്ന് കനേഡിയന്‍ അധികാരികള്‍ ആരോപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍. ഈ ആരോപണങ്ങള്‍ ഇന്ത്യ പാടേ തള്ളിക്കളയുകയും, മറുപടിയെന്നോണം ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും കാനഡയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കുകയും ചെയ്തു.

മോദി സര്‍ക്കാരിന്റെ കനേഡിയന്‍ എതിരാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് കൈമാറിയെന്നും ഇതുപയോഗിച്ച് ശത്രുക്കളെ ലക്ഷ്യമിട്ടെന്നുമായിരുന്നു ട്രൂഡോയുടെ ആരോപണം. ഈ വാദം രാജ്യങ്ങള്‍ക്കിടയിലെ പിരിമുറുക്കങ്ങള്‍ക്ക് ആക്കം കൂട്ടി. 'ഞങ്ങള്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല'' എന്നാണ് ട്രൂഡോ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും, കാനഡയുടെ പരമാധികാരത്തിന് വേണ്ടി നിലകൊള്ളുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും കാനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഈ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ തന്നെ സ്വന്തം രാജ്യത്ത് ട്രൂഡോയ്‌ക്കെതിരേ വലിയ സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്. ലിബറല്‍ എംപിയായ സീന്‍ കേസി, ട്രൂഡോ രാജി വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാനഡക്കാരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അതൃപ്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കേസി പറയുന്നത്.

സ്വന്തം രാജ്യത്ത് കാര്യങ്ങള്‍ മാറിമറയുന്ന സാഹചര്യത്തില്‍, രാഷ്ട്രീയമായി പ്രതിരോധവഴികള്‍ തേടാനുള്ള ട്രൂഡോയുടെ ശ്രമങ്ങള്‍ പ്രകടമാണ്. വ്യക്തമായ തെളിവുകളുടെ അഭാവം ഉണ്ടെന്ന് അംഗീകരിക്കുകയും, ഇന്ത്യയുമായി സഹകരിച്ചുള്ള അന്വേഷണത്തിനായി ഇപ്പോള്‍ വാദിക്കുകയും ചെയ്യുന്നതിലൂടെ, തന്റെ സര്‍ക്കാരിനും കാനഡയുടെ അന്താരാഷ്ട്ര പിന്തുണയ്ക്കും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ട്രൂഡോ ആവിഷ്‌കരിക്കുന്നത്.

ഇപ്പോള്‍ തുടരുന്ന ഭിന്നത ശ്രദ്ധാപൂര്‍വമായ നയതന്ത്ര ഇടപെടലിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര തകര്‍ച്ച ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, സ്വന്തം നാട്ടില്‍ നിന്നുണ്ടാകുന്ന തിരിച്ചടികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും ട്രൂഡോയുടെ തന്ത്രങ്ങള്‍ക്ക് പിന്നിലുണ്ട്.