'പാമ്പിന്റെ തല വെട്ടിമാറ്റി'; ഐആര്‍ജിസി ആസ്ഥാനം തകര്‍ത്തെന്ന് യുഎസ്

ഐആര്‍ജിസി, ഇന്റലിജന്‍സ് ആസ്ഥാനം, ഐആര്‍ജിസി വ്യോമസേന കമാന്‍ഡ് സെന്ററുകള്‍, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവയുള്‍പ്പെടെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും അവകാശപ്പെട്ടു

author-image
Biju
New Update
snake head

വാഷിങ്ടണ്‍: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ആസ്ഥാനം തകര്‍ത്തെന്ന് അമേരിക്കന്‍ സൈന്യം. 'പാമ്പിന്റെ തല വെട്ടിമാറ്റി' എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആര്‍ജിസി ഉത്തരവാദികളാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഐആര്‍ജിസിക്ക് ഇപ്പോള്‍ ആസ്ഥാനമില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.

ഐആര്‍ജിസി, ഇന്റലിജന്‍സ് ആസ്ഥാനം, ഐആര്‍ജിസി വ്യോമസേന കമാന്‍ഡ് സെന്ററുകള്‍, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവയുള്‍പ്പെടെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും അവകാശപ്പെട്ടു. ഈ ആക്രമണങ്ങളിലൂടെ ഇറാന് കനത്ത തിരിച്ചടി നല്‍കിയെന്നും ഇസ്രയേല്‍ സേന പറയുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ വധിച്ച ശേഷവും യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം ഇറാനില്‍ തുടരുകയാണ്.

ഞായറാഴ്ച രാത്രിയും ടെഹ്റാനില്‍ സ്ഫോടനങ്ങള്‍ ഉണ്ടായി. ഇസ്രയേല്‍ ടെഹ്‌റാനിലെ ആശുപത്രി ഉള്‍പ്പെടെ ലക്ഷ്യം വെച്ചതായി ആരോപണമുണ്ട്. ഇറാന്റെ തലസ്ഥാനത്തിന്റെ ഹൃദയഭാഗമാണ് തങ്ങളുടെ ആക്രമണങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സേന അവകാശപ്പെട്ടു. അതേസമയം ഇസ്രയേലിനും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ടാണ് ഇറാന്‍ പ്രതികരിച്ചത്.

ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ബാലസ്റ്റിക് മിസൈല്‍ ശേഖരം പൂര്‍ണ്ണമായും തകര്‍ത്തതായി അമേരിക്ക അവകാശപ്പെടുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകള്‍ തകര്‍ത്തെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കി. ഇറാന്റെ ആയുധ സംഭരണശാലകളും മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ നീക്കം. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുര്‍ബലമാക്കിയെന്നും വരും മണിക്കൂറുകളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും അമേരിക്കന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.