/kalakaumudi/media/media_files/2025/11/17/sheikh-2025-11-17-07-51-31.jpg)
ധാക്ക: കലാപാനന്തരം ബംഗ്ലദേശില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളില്‍ ധാക്കയിലെ പ്രത്യേക ട്രിബ്യുണല്‍ ഇന്ന് വിധി പറയും. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ ഹസീനക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം.
ഹസീനക്കെതിരായ കേസില്‍ വിധി പറയുന്ന സാഹചര്യത്തില്‍ ബംഗ്ലദേശില്‍ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഹസീനയ്ക്ക് ജയില്‍ ശിക്ഷയോ വധശിക്ഷയോ വിധിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ അവരുടെ പാര്‍ട്ടി ആയ അവാമി ലീഗ് ആഹ്വനം ചെയ്തിട്ടുണ്ട്. തെരുവില്‍ ഇറങ്ങുന്നവരെ കര്‍ശനമായി നേരിടുമെന്ന് ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യം പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഹസീനയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാന്‍ ഖാന്‍ കമല്‍, അന്നത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവര്‍ക്കെതിരെയാണ് ബംഗ്ലദേശ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ വിധി പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഹസീനയുടെ സര്‍ക്കാര്‍ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവ ചുമത്തിയതിനാല്‍ ഹസീനയ്ക്ക് വധശിക്ഷ കിട്ടുമെന്ന് പലരും കരുതുന്നു.
ഹസീനക്കെതിരായ കേസില്‍ വിധി പറയുന്ന സാഹചര്യത്തില്‍ അവാമി ലീഗിന്റെ പ്രതിഷേധം ഉണ്ടായാല്‍ കര്‍ശനമായി നേരിടാനാണ് മുഹമ്മദ് യുനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ തീരുമാനം. തെരുവില്‍ ഇറങ്ങുന്നവരെ കര്‍ശനമായി നേരിടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ധാക്കയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ബംഗ്ലാദേശ് വിട്ട ഹസീന ഇപ്പോള്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
