അനാവശ്യ യാത്രകള്‍ ഒഴിവാക്കണം; തായ്ലന്‍ഡ്-കംബോഡിയ സംഘര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഒരു സ്വകാര്യ അടിയന്തര യോഗം നിശ്ചയിച്ചിട്ടുണ്ട്

author-image
Biju
New Update
thai

ബാങ്കോക്ക് : തായ്ലന്‍ഡ്-കംബോഡിയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസികള്‍. നിലവില്‍ തായ്ലന്‍ഡിലും കമ്പോഡിയയിലും ഉള്ളവര്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഒരു സ്വകാര്യ അടിയന്തര യോഗം നിശ്ചയിച്ചിട്ടുണ്ട്. ആസിയാനും ഇരു രാജ്യങ്ങളോടും സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു.

തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ മൂന്ന് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 32 പേര്‍ മരിച്ചു. കംബോഡിയ 12 പുതിയ മരണങ്ങള്‍ സ്ഥിരീകരിച്ചു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബോംബാക്രമണത്തിനും വെടിവയ്പ്പിനും ഇടയില്‍ സിവിലിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കപ്പെട്ടതായും ആരോപണമുണ്ട്.

സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളിലും മരിച്ചവരില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നുണ്ട്. തായ്ലന്‍ഡ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബാധിത ജില്ലകളില്‍ നിന്ന് 58,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. അതേസമയം, ഏകദേശം 23,000 പേര്‍ക്ക് വീട് വിട്ട് പോകാന്‍ നിര്‍ബന്ധിതരായതായി കംബോഡിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് ആളുകള്‍ താല്‍ക്കാലിക ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്.

Thailand