യാത്രാ മധ്യേ സാങ്കേതിക തകരാർ, ഡെൽറ്റ എയർ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

സാങ്കേതിക പ്രശ്നം കാരണം ഏറ്റവും അടുത്തുള്ള സുരക്ഷിതമായ എയർപോർട്ട് എന്ന നിലയിൽ വിമാനം അയർലന്റിലെ ഷാനൻ വിമാനത്താവളത്തിൽ ഇറക്കി.

author-image
Rajesh T L
New Update
ujvhf

ന്യൂയോർക്ക്: ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പറക്കുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അയർലന്റിൽ അടിയന്തിരമായി നിലത്തിറക്കി. യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനത്തിലെ ഫ്ലൈറ്റ് ഡെക്ക് വിൻഡോ ഹീറ്റിങ് സംവിധാനത്തിന് തകരാർ സംഭവിച്ചതായി പൈലറ്റുമാരുടെ ശ്രദ്ധയിപ്പെട്ടത്.

തുടർന്ന് വിമാനം വഴിതിരിച്ചു വിടുകയും ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 

ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം 4.24ന് പറന്നുയർന്ന ഡിഎഎൽ 4 വിമാനം 9.23നാണ് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ ലാന്റ് ചെയ്യേണ്ടിയിരുന്നത്. ബോയിങ് 767-400 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 129 യാത്രക്കാരും മൂന്ന് പൈലറ്റുമാരും ഒൻപത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. സാങ്കേതിക പ്രശ്നം കാരണം ഏറ്റവും അടുത്തുള്ള സുരക്ഷിതമായ എയർപോർട്ട് എന്ന നിലയിൽ വിമാനം അയർലന്റിലെ ഷാനൻ വിമാനത്താവളത്തിൽ ഇറക്കി.

സുരക്ഷിതമായ ലാന്റിങിന് ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി ടെർമിനൽ കെട്ടിടത്തിനുള്ളിലേക്ക് മാറ്റി. ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഡെൽറ്റ എയർലൈൻ, സുരക്ഷയേക്കാൾ വലുത് മറ്റൊന്നുമില്ലെന്നും ഓർമിപ്പിച്ചു. യാത്രക്കാർക്ക് വേണ്ട മറ്റ് സഹായങ്ങൾ എത്തിക്കുമെന്നും  കമ്പനി വ്യക്തമാക്കി. 

Malayalam kerala flight london