/kalakaumudi/media/media_files/2025/02/18/cKTxaBWV6LzZTqn3W1sR.jpg)
Toronto plane crash Photograph: (X)
ടൊറന്റോ: ടൊറന്റോയിലെ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ എണ്‍പതുപേരുമായി പറന്ന വിമാനം കാറ്റിലും മഞ്ഞിലും കീഴ്മേല്‍ മറിഞ്ഞ് ലാന്‍ഡ് ചെയ്തയുടന്‍ കത്തി നശിച്ചു. അപകടത്തില്‍ പരിക്കേറ്റ 18ഓളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് തിങ്കളാഴ്ച അത്ഭുതകരമായ അപകടത്തില്‍പ്പെട്ടത്.
അപകട സമത്ത് 76 യാത്രക്കാരും നാല് ക്രൂ മെമ്പേഴ്സുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പീല്‍ റീജിയണല്‍ പാരാമെഡിക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു കുട്ടി അടക്കം 15 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ലാന്‍ഡ് ചെയ്ത സമയത്ത് പ്ലെയിന്‍ തെന്നി മറിയുകയായിരുന്നു എന്നാണ് സിബിസി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അപകടത്തില്‍പ്പെട്ട ഭൂരിഭാഗം പേരും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുക ആയിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളംനിര്‍ത്തിവെച്ചു. ഇപ്പോള്‍ വീണ്ടും വിമാന ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്.
ഇന്നലെ ടൊറന്റൊ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ ചുരുങ്ങിയത് 18 പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഡല്‍റ്റയുടെ 4819 വിമാനം അപകടത്തില്‍ പെടുവാന്‍ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും, ഇന്നലെ ഉച്ചമുതല്‍ ടൊറൊന്റോയില്‍ അതിശക്തമായ കാറ്റുണ്ടായിരുന്നു. മണിക്കൂറില്‍ 40 മൈല്‍ വരെ വേഗത്തിലായിരുന്നു കാറ്റ് ആഞ്ഞടിച്ചിരുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരു കുട്ടി ഉള്‍പ്പടെ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ശക്തമായ കാാറ്റില്‍ വിമാനം ആടിയുലഞ്ഞതാവാം അപകട കാരണം എന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത്. യാത്രക്കാരുടെ അനുഭവവും ഇത്തരമൊരു സാധ്യതയെയാണ് ശരി വയ്ക്കുന്നത്. ബൊംബാര്‍ഡിയര്‍ സി ആര്‍ 900 വിമാനം എന്‍ഡെവര്‍ എയര്‍ എന്ന ഒരു പ്രാദേശിക വിമാനക്കമ്പനിയായിരുന്നു പ്രവര്‍ത്തിപ്പിച്ചിരുന്നത്. മിനപോലിസ് ആസ്ഥാനമായുള്ള ഡെല്‍റ്റ എയര്‍ ലൈന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. 76 യാത്രകാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
സെയിന്റ് പോളില്‍ നിന്നും ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്കുള്ള എന്‍ഡേവര്‍ 4819 വിമാനം അപകടത്തില്‍ പെട്ടതായി ഡെല്‍റ്റ എയര്‍ലൈന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും, വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അവ പരസ്യപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. വിമാനം ക്രാഷ് ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ നിര്‍ത്തിവെച്ചിരുന്നു.
മഞ്ഞുമൂടിയ ഹൈവേയില്‍ തലകീഴായി മറിഞ്ഞു കിടക്കുന്ന വിമാനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിമനത്തിന് പുറത്തു കടന്ന യാത്രക്കാര്‍, മഞ്ഞു പുതഞ്ഞ പ്രതലത്തിലൂടെ വിമാനത്തില്‍ നിന്നും ഓടി അകലുന്ന ദൃശ്യങ്ങളും ലഭ്യമാണ്. വിമാനം ക്രാഷ്ലാന്‍ഡ് ചെയ്തയുടന്‍ അതിന് സമീപമെത്തിയ എമര്‍ജന്‍സി ടീം വിമാനം അഗ്നിക്കിരയാകുന്നത് തടയുവാന്‍ അതിലേക്ക് ഫോം സ്‌പ്രേ ചെയ്തിരുന്നു. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ അതിന് തീപിടിച്ചെങ്കിലും, അത് അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് ഈ അപകട വിവരം ആദ്യം പുറം ലോകത്തെ അറിയിച്ചത്. പലരും അപകടത്തില്‍ പെട്ട വിമാനത്തിനടുത്ത് നില്‍ക്കുന്ന ചിത്രങ്ങളുമായാണ് തങ്ങള്‍ യാത്ര ചെയ്ത വിമാനം അപകടത്തില്‍ പെട്ടതായും, എന്നാല്‍, അദ്ഭുതകരമായി രക്ഷപ്പെട്ടതായും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും ജീവാപായം ഉണ്ടായില്ല എന്നത് ഏറെ ആശ്വാസകരമാണെന്നും യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.